പട്‌ന-അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ശിക്ഷ അഞ്ച് സിറ്റപ്പുകള്‍ മാത്രം. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. നാട്ടുപഞ്ചായത്താണ് 'ശിക്ഷ' വിധിച്ചത്. ചോക്ലേറ്റ് വാഗ്ദാനം ചെയ്താണ് പ്രതി കുട്ടിയെ തന്റെ കോഴി ഫാമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നാട്ടുപഞ്ചായത്തിന് മുന്നില്‍ ഹാജരാക്കുകയും വിചാരണയ്‌ക്കൊടുവില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. ബലാത്സംഗത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച പഞ്ചായത്ത് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതിന് മാത്രമാണ് ശിക്ഷ നല്‍കിയത്. ജനക്കൂട്ടത്തിന് മുന്നില്‍ അഞ്ചുതവണ സിറ്റപ്പ് ചെയ്താല്‍ മതിയെന്നും പഞ്ചായത്ത് വിധിച്ചു. അപ്പോള്‍ തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമായിട്ടുണ്ട്. പുരുഷാധിപത്യത്തിന്റെയും വളച്ചൊടിച്ച നീതിയുടെയും തെളിവാണ് സിറ്റപ്പ് ശിക്ഷ എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും ആക്ഷേപം. ഇവിടെ പോലീസും നിയമസംവിധാനങ്ങളും ഇല്ലേയെന്നും പ്രാചീന രീതിയിലാണോ ഇപ്പോഴും ശിക്ഷ നടപ്പാക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.