ന്യൂദല്‍ഹി-ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പേരോ, ചിത്രമോ, ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി. തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒരു വ്യക്തി എന്ന നിലയില്‍ ഇത് തന്റെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും നടന്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വവും വിവിധ പരസ്യങ്ങളില്‍ വേഷമിട്ട ആളുമാണെന്നതില്‍ തര്‍ക്കമില്ലെന്നും. എന്നാല്‍ അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവര്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും അമിതാഭ് ബച്ചനില്‍ അതൃപ്തിയുണ്ടാകുന്നു. ഇത് കേസെടുക്കവുന്ന കുറ്റമാണെന്ന് ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു. ഈ ഉത്തരവ് ഇറക്കിയിലെങ്കില്‍ അത് അമിതാഭ് ബച്ചനെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.