പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പഞ്ഞ മഹാനടി എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജമൗലി. തെലുങ്കില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കി സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ പുകഴ്ത്തിയാണ് രാജമൗലി എത്തിയിരിക്കുന്നത്. സിനിമയില്‍ അതിമനോഹരമാണ് ദുല്‍ഖറെന്നും മഹാനടി കണ്ടതിനു ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്നും രാജമൗലി പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാഹനടി. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനയകന്‍മാരായെത്തുന്ന സിനിമ പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചിരുന്നു. മലയാളത്തിന് മാത്രമല്ല തെന്നിന്ത്യയുടെ തന്നെ സ്വന്തം താരപുത്രനായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരപുത്രന് അന്യഭാഷയിലും മികച്ച തുടക്കം ലഭിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കും ഏറെ സന്തോഷമാണ്. സിനിമയ്ക്ക് വേണ്ടി താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ വാചാലനായിരുന്നു. പരീക്ഷയ്ക്ക് പോലും താന്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. തെലുങ്ക് സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദമാണ് താരം ഉപയോഗിച്ചത്. ചെറുപ്പമുതല്‍ത്തന്നെ തനിക്ക് കീര്‍ത്തിയെ അറിയാമായിരുന്നുവെന്നും വാപ്പച്ചിയുടെ നായികയായി കീര്‍ത്തിയുടെ അമ്മ അഭിനയിച്ചിട്ടുണ്ടെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. മെയ് ഒമ്പതിന് തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത്. മറ്റ് പതിപ്പുകള്‍ മെയ് 11 നാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.