ക്വാലലംപുര്‍- മലേഷ്യയില്‍ ചരിത്രം കുറിച്ച തെരഞ്ഞെടുപ്പു വിജയത്തോടെ പ്രതിപക്ഷ നേതാവ് മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തി. 92-കാരനായ മഹാതീര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ലോകത്തെ ഏറ്റവും പ്രായമേറിയ നേതാവായി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ പ്രധാനമന്ത്രി നജീബ് റസാഖിനെയാണ് അദ്ദേഹം അപ്രതീക്ഷിതമായി പരാജയപ്പെടുത്തിയത്. ഒരു കാലത്ത് താന്‍ നേതൃത്വം നല്‍കിയിരുന്ന രാഷ്ട്രീയ സഖ്യത്തിന്റെ ആറു പതിറ്റാണ്ടു കാലത്തെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് മഹാതീറിന്റെ തിരിച്ചുവരവ്. മലേഷ്യയിലെങ്ങും മഹാതീറിന്റെ വിജയം ആഘോഷിക്കുകയാണ്. 222 സീറ്റില്‍ 113 ഇടത്തും മഹാതീറിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ സഖ്യമായ പകതന്‍ ഹാരപന്‍ ജയിച്ചു ഏറ്റവും വലിയ കക്ഷിയായി. നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള ബാരിസന്‍ നാസണല്‍ സഖ്യത്തിന് 79 സീറ്റുകളിലെ ജയിക്കാനായുള്ളൂ.
നേരത്തെ തുടര്‍ച്ചയായി 22 വര്‍ഷം പ്രധാനമന്ത്രിയായ മഹാതീറിന്റെ വിജയം 1957-ല്‍ മലേഷ്യ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ ശേഷം അധികാരത്തിലെത്തിയ ബാരിസന്‍ നാസണല്‍ സര്‍ക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ചു. ഞങ്ങള്‍ പ്രതികാരം ചോദിക്കാനല്ല, നിയമവാഴ്ച പുനസ്ഥാപിക്കാനാണ് ശ്രമിക്കുകയെന്ന് മഹാതീര്‍ പ്രതികരിച്ചു.