ലണ്ടന്‍-രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കാനും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു.
ഭക്ഷണത്തിലും ചായയിലും ചേര്‍ക്കുന്ന പഞ്ചസാരക്കു പകരം തേന്‍ ഉപയോഗിക്കുന്നത് അമിതമായ പഞ്ചസാര കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകരാണ് 1,100ലധികം പേരുള്‍പ്പെട്ട 18 ട്രയലുകളുടെ ഫലങ്ങള്‍ വിശകലനം ചെയ്തത്. ഒരു പുഷ്പ സ്രോതസ്സില്‍ നിന്നുള്ള അസംസ്‌കൃത തേന്‍ ശരീരത്തില്‍ ഏറ്റവും നല്ല സ്വാധീനം ചെലുത്തുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഇത് രക്തത്തിലെ ഗ്ലൂക്കോസും ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനിന്റെ (ചീത്ത കൊളസ്‌ട്രോള്‍) തോതും കുറയ്ക്കുന്നതായാണ് സ്ഥിരീകരിച്ചത്.
തേന്‍ കഴിക്കുന്നത് ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകള്‍ (നല്ല കൊളസ്‌ട്രോള്‍) വര്‍ദ്ധിപ്പിക്കുന്നതും പഠനത്തില്‍ കണ്ടെത്തി. പൊതുവെ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 10 ശതമാനമോ അതില്‍ കുറവോ പഞ്ചസാര ഉള്‍പ്പെട്ടിരുന്നു.
ഒരൊറ്റ പുഷ്പ സ്രോതസ്സില്‍ നിന്നുള്ള തേന്‍ ശരീരത്തില്‍ ഗുണകരമായ ഫലങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം കണ്ടെത്തി.
പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ശരാശരി 40 ഗ്രാം അല്ലെങ്കില്‍ എട്ട് ആഴ്ചയോളം പ്രതിദിനം രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ നല്‍കി.
ഫാള്‍സ് അക്കേഷ്യ മരങ്ങളില്‍ നിന്നുള്ള അസംസ്‌കൃത തേന്‍ കഴിക്കുന്ന ആളുകളില്‍ മിക്ക ഗുണങ്ങളും കാണാന്‍ കഴിഞ്ഞു. എന്നാല്‍ തേന്‍ 65 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കിയപ്പോള്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതും നഷ്ടപ്പെട്ടു.
ഏകദേശം 80 ശതമാനം പഞ്ചസാര അടങ്ങിയതാണ് തേന്‍ എന്നിരിക്കെ ഫലങ്ങള്‍ ആശ്ചര്യകരമാണെന്ന് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ മുതിര്‍ന്ന ഗവേഷകനായ തൗസീഫ് ഖാന്‍ പറഞ്ഞു. പക്ഷെ തേന്‍ സാധാരണവും അപൂര്‍വവുമായ പഞ്ചസാര, പ്രോട്ടീനുകള്‍, ഓര്‍ഗാനിക് ആസിഡുകള്‍, മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ എന്നിവയുടെ സങ്കീര്‍ണ്ണ ഘടന കൂടി അടങ്ങുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ, പോഷകാഹാര വിദഗ്ധര്‍ എല്ലാ ഷുഗറുകളേയും ഒരുപോലെ പരിഗണിക്കരുതെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്.
നിലവില്‍ പഞ്ചസാര ഒഴിവാക്കിയവര്‍ തേന്‍ കഴിക്കാന്‍ തുടങ്ങണമെന്ന് നിര്‍ദേശിക്കുന്നില്ലെന്നും ഇപ്പോള്‍ ടേബിള്‍ ഷുഗര്‍, സിറപ്പ് അല്ലെങ്കില്‍ സ്വീറ്റ്‌നറുകള്‍ ഉപയോഗിക്കുന്നവര്‍ പഞ്ചസാര തേനിലേക്ക് മാറ്റുന്നത് കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത കുറയ്ക്കുമെന്നാണ് പറയാനുള്ളതെന്നും ഖാന്‍ വ്യക്തമാക്കി.