ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആര്‍ പി രവിചന്ദ്രനും ഉള്‍പ്പെടെ ആറുപേരെ മോചിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി. ഈ മാസം 11നാണ് കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നത്.
ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായും ബിവി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വര്‍ഷം ജയിലിലായിരുന്നു ഇരുവരും. ഇവര്‍ ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്.
1991 മെയ് 21ന് ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ല്‍ ഉത്തരവിറക്കി. നളിനിക്കു മകള്‍ ഉള്ളതു കണക്കിലെടുത്ത് 2001ല്‍ വധശിക്ഷ ഇളവു ചെയ്യുകയായിരുന്നു.