സിയോള്‍ - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോലും സിയോളിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വാണിജ്യ ബന്ധങ്ങളും ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
സൗദി അറേബ്യയും ദക്ഷിണ കൊറിയയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയും ദക്ഷിണ കൊറിയയും 26 കരാറുകള്‍ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു. ആകെ 2,900 കോടി ഡോളറിന്റെ കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇക്കൂട്ടത്തില്‍ പെട്ട ശാഹീന്‍ പദ്ധതി കൊറിയയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയാണ്. 500 കോടിയിലേറെ ഡോളറിന്റെ പദ്ധതിയാണിതെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
സൗദി അറാംകൊ കമ്പനിക്കു കീഴിലെ എസ്-ഓയില്‍ കമ്പനിയാണ് നൂതന സാങ്കേതികവിദ്യകളിലൂടെ ക്രൂഡ് ഓയില്‍ അസംസ്‌കൃത പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന ശാഹീന്‍ പദ്ധതി കൊറിയയില്‍ നടപ്പാക്കുന്നത്. സൗദി അറാംകൊ കൊറിയയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. 700 കോടി ഡോളര്‍ (2,600 കോടി റിയാല്‍) നിക്ഷേപത്തോടെയാണ് ശാഹീന്‍ പദ്ധതി നടപ്പാക്കുകയെന്ന് സൗദി അറാംകൊ പറഞ്ഞു. പ്രതിവര്‍ഷം 32 ലക്ഷം ടണ്‍ പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയില്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ ഉയര്‍ന്ന മൂല്യമുള്ള പോളിമര്‍ ഉല്‍പാദന യൂനിറ്റും അടങ്ങിയിരിക്കും.
അടുത്ത വര്‍ഷം നിര്‍മാണ ജോലികള്‍ ആരംഭിക്കുന്ന പദ്ധതി 2026 ല്‍ പൂര്‍ത്തിയാകും. ക്രൂഡ് ഓയില്‍ നേരിട്ട് പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന നൂതന സാങ്കേതികവിദ്യകള്‍ സൗദി അറാംകൊക്കു കീഴിലെ ഗവേഷണ കേന്ദ്രങ്ങളിലാണ് വികസിപ്പിച്ചതെന്നും ലോകത്തു തന്നെ ഈ സാങ്കേതികവിദ്യകള്‍ ആദ്യമായി ഉപയോഗിക്കുന്നത് ശാഹീന്‍ പദ്ധതിയിലൂടെ അറാംകൊ ആണെന്നും സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു.