ന്യൂദല്‍ഹി- കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി.
കേരള ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ നല്കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നല്‍കിയത്. 2006ല്‍ കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുമാണ് സ്ഫോടനം നടന്നത്. കേസില്‍ വിചാരണ കോടതി നസീറിനും ഷിഫാസിനും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാപ്പുസാക്ഷി ഷമ്മി ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ഇവര്‍ക്കുമെതിരെ തെളിവായി സാക്ഷിമൊഴികളും ടെലിഫോണ്‍ രേഖകളും ഉണ്ടെന്ന് എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയില്‍ വാദിച്ചു. ഈ വിഷയം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.