ഒരു ധനകാര്യ സ്ഥാപനത്തിലെ മാനേജരാണ് ജേക്കബ്. ജേക്കബിന്റെ കാമുകിയാണ് ബെറ്റി. അലട്ടലൊന്നുമില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് അവിചാരിതമായി ജേക്കബ് ഒരു കേസിൽ അകപ്പെടുന്നതും ജയിലിലാകുന്നതും. ഒരു ക്രിമിനൽ കേസിൽ അകപ്പെട്ട തന്റെ കാമുകിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനായിരുന്നു ജേക്കബ് ഇരുമ്പഴിക്കുള്ളിലായത്. ഒരു സബ്ജയിലിൽ സംഭവിക്കുന്ന കഥയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ പ്രമേയം. ജയിലിൽ ജേക്കബിന് കൂട്ടായി സൈമണും ദേവസ്യയുമുണ്ടായിരുന്നു. എല്ലാവരും ചേർന്ന് ജയിൽ തകർത്ത് പുറത്തിറങ്ങാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജേക്കബായി ആന്റണി വർഗീസും ബെറ്റിയായി അശ്വതി മനോഹരനുമെത്തുന്നു. ആദ്യചിത്രത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കോട്ടയംകാരിയായ അശ്വതി.
സിനിമയിലേയ്ക്കുള്ള വഴി
സിവിൽ എൻജിനീയറായ അച്ഛൻ മനോഹരൻ ദുബായിലായിരുന്നതിനാൽ കുട്ടിക്കാലം അവിടെയായിരുന്നു. അഞ്ചാം ക്ലാസിൽ കോട്ടയം ഗിരിദീപം സ്കൂളിൽ ചേർന്നു. പ്ലസ് ടുവിന് എക്സൻഷ്യലിലായിരുന്നു പഠിച്ചത്. കുട്ടിക്കാലംതൊട്ടേ നൃത്തത്തിൽ മികവ് നേടിയിരുന്നതിനാൽ കലാക്ഷേത്രയിൽ ചേരണമെന്നായിരുന്നു മോഹം. വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നെങ്കിലും എന്റെ ആഗ്രഹത്തിന് തടസ്സം നിൽക്കാതെ ദൽഹി ശ്രീരാംഭാരതി കലാകേന്ദ്രയിൽ ചേർത്തു. ബാംഗ്ലൂരിലെ ആട്ടക്കളരിയിലും പഠനം തുടർന്നു. സമകാലിക നൃത്തരൂപങ്ങളും യോഗയും കളരിപ്പയറ്റുമെല്ലാം അഭ്യസിച്ചു. ഭരതനാട്യമാണ് സ്പെഷ്യലൈസ് ചെയ്യുന്നത്. ബാംഗ്ലൂരിലെ ഡാൻസ് കമ്പനികളുമായി സഹകരിച്ച് ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചു.
കുറച്ചുകാലമായി അഭിനയമോഹവുമായി നടക്കുകയായിരുന്നു. അതിനിടയിലാണ് കാസ്റ്റിംഗ് കോൾ കണ്ടത്. അപേക്ഷ അയച്ചു. ഒഡീഷന് ക്ഷണം കിട്ടി. ഒഡീഷൻ രണ്ട് റൗണ്ടായുണ്ടായിരുന്നു. രണ്ടു കടമ്പകളും പിന്നിട്ടാണ് സിനിമയിലെത്തിയത്. അവസരം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചുമ്മാ പോയി. ആദ്യറൗണ്ടിൽ വലിയ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. രണ്ടാം റൗണ്ടിലേയ്ക്ക് തിരഞ്ഞെടുത്തപ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. രണ്ടാം റൗണ്ട് സിനിമയിലെ ചില സീനുകൾ തന്നെ അവതരിപ്പിക്കുകയായിരുന്നു. മർദ്ദനമേൽക്കുന്ന ഒരു സീൻ ചെയ്യണമെന്നു പറഞ്ഞപ്പോൾ വല്ലാതായി. ഒടുവിൽ രണ്ടും കൽപിച്ചങ്ങു ചെയ്തു. രണ്ടാമത്തെ റൗണ്ടും പിന്നിട്ടപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വിളിക്കാമെന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് വിളിയൊന്നും വരാതായപ്പോൾ ഔട്ടായെന്നാണ് കരുതിയത്. നാലു ദിവസം കഴിഞ്ഞ് ഒരു ഡാൻസ് റിഹേഴ്സൽ നടക്കുമ്പോഴാണ് വിളി വന്നത്. രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചിരുന്നെന്നും കിട്ടാതിരുന്നതുകൊണ്ടാണെന്നും പറഞ്ഞു. ബാംഗ്ലൂരിലായതുകൊണ്ടായിരിക്കുമെന്ന് കരുതി. തുടർന്ന് സ്ക്രിപ്റ്റ് വായിക്കാൻ തന്നു.
ലൊക്കേഷൻ വിശേഷങ്ങൾ
ആദ്യ ലൊക്കേഷൻ കോട്ടയത്തായിരുന്നു. എന്റെ നാടും കോട്ടയമായതിനാൽ കംഫർട്ടബിളായി തോന്നി. വീട്ടിൽനിന്നും പോയിവരാവുന്ന ദൂരം. അറിയാവുന്ന സ്ഥലങ്ങൾ. കോട്ടയം ടൗണിലും ചന്തയിലുമെല്ലാം ചിത്രീകരണമുണ്ടായിരുന്നു. എങ്കിലും സെറ്റിൽ പെൺകുട്ടിയായി ഞാൻ മാത്രമേയുണ്ടായിരുന്നുള്ളു. അതിന്റെ ഒരു ചമ്മലുണ്ടായിരുന്നു. അടുത്ത ലൊക്കേഷൻ മൈസൂരായിരുന്നു. അവിടെ നല്ല തിരക്കുള്ള സ്ഥലത്തായിരുന്നു ഷൂട്ട് നടന്നത്.
അങ്കമാലി ഡയറീസ് കണ്ടിരുന്നോ?
കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയായിരുന്നു. ആന്റണിയുടെ പെപ്പെയും അന്നയുടെ ലിച്ചിയുമെല്ലാം മനസ്സിലുണ്ട്. ആ ടീമിനൊപ്പം ഒരു ചിത്രത്തിൽ വർക്ക് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. നൃത്തപശ്ചാത്തലമുണ്ടായിരുന്നെങ്കിലും നാടകത്തിൽപോലും വേഷമിട്ടിരുന്നില്ല. ആകെ വേഷമിട്ടത് ഒരു ഷോർട്ട് ഫിലിമിൽ മാത്രം.
കഥാപാത്രം?
അനാഥയായ ബെറ്റി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ജേക്കബിന്റെ ഗേൾഫ്രണ്ടായും പിന്നീട് ഭാര്യയുമാകുകയാണ് ബെറ്റി. അന്തർമുഖിയായ പതുക്കെ സംസാരിക്കുന്ന പെൺകുട്ടി. ആകെയുള്ള കൂട്ട് ജേക്കബുമായിട്ടായിരുന്നു.
നായകനായ ആന്റണിയുടെ കഥാപാത്രം?
അധ്യാപക ദമ്പതികളുടെ മകനാണ് ജേക്കബ്. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നു. സമാധാനകാംക്ഷിയായി അത്ര പെട്ടെന്ന് പ്രതികരിക്കാത്ത ഒരു കഥാപാത്രം. ആന്റണിയെ പരിചയപ്പെടുന്നത് റിഹേഴ്സൽ സമയത്തായിരുന്നു. അപ്പോൾ തന്നെ നല്ല കൂട്ടായിരുന്നു. സെറ്റിൽ ആന്റണി വളരെ ഈസിയായാണ് അഭിനയിച്ചിരുന്നത്. ടെൻഷനൊന്നുമില്ല. ഞങ്ങൾ ഒന്നിച്ചുള്ള സീനുകളിലും തമാശകൾ പറഞ്ഞ് നിൽക്കുമായിരുന്നു. ആക്ഷൻ പറയുന്നതുവരെ. അതിനാൽ സെറ്റിൽ വളരെ ഈസിയായി നിൽക്കാൻ കഴിഞ്ഞു.
സിനിമാമോഹം?
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് നൃത്തത്തിൽ സജീവമായി നിൽക്കുന്ന സമയം. കണ്ടംപറ്റി ഡാൻസും ഭരതനാട്യവുമെല്ലാം പഠിച്ചുകൊണ്ടിരുന്നു. ആ സമയത്താണ് സിനിമയിൽ ഒന്നു ശ്രമിച്ചുനോക്കാൻ അച്ഛനും അമ്മയും ഉപദേശിച്ചത്. ശ്രമിച്ചുനോക്കാമെന്നു കരുതി. ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. യഥാർത്ഥ ജീവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ സിനിമയിലൂടെ അനുഭവിക്കുക. അത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല നല്ല വേഷങ്ങളിലൂടെ സിനിമയിൽ തുടരാനാണ് മോഹം.
ബെറ്റിക്കായുള്ള തയ്യാറെടുപ്പുകൾ?
എന്റെ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായ പ്രകൃതമാണ് ബെറ്റിയുടേത്. അന്തർമുഖത്വമുള്ളതും ജേക്കബിനെ മാത്രം ആശ്രയിച്ചു കഴിയുന്നവൾ. ഓരോ സീനിലും എങ്ങനെ പ്രതികരിക്കണമെന്ന് സംവിധായകൻ ടിനുചേട്ടൻ കൃത്യമായി പറഞ്ഞുതന്നിരുന്നു. ബെറ്റിയുടെ സ്വഭാവരീതികൾ എന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയായിരുന്നു.
ഇഷ്ട നടി?
ഉർവ്വശി ചേച്ചിയെ ഇഷ്ടമാണ്. ഓരോ നടിമാർക്കും ഓരോ പ്രത്യേകതകളുണ്ട്. അതുകൊണ്ട് എല്ലാവരേയും ഇഷ്ടമാണ്. ആരേയും റോൾമോഡലായി സ്വീകരിച്ചിട്ടില്ല.
നൃത്തപശ്ചാത്തലം?
നൃത്തരംഗത്ത് നമ്മുടെ മുഖഭാവങ്ങളിൽ പലതും അതിശയോക്തി കലർന്നതായിരിക്കും. എന്നാൽ സിനിമയിൽ നോർമൽ റിയാക്ഷനുകളാണ് വേണ്ടത്. ചില സമയത്ത് അഭിനയത്തിന്റെ ലെവൽ കുറക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും ചില ഇമോഷനുകൾ പ്രകടിപ്പിക്കേണ്ടിവരുമ്പോൾ നൃത്തപരിചയം ഉപകരിച്ചതായി തോന്നി.
സിനിമയ്ക്കു പുറത്ത്?
സ്ഥിരമായി സിനിമ കാണുന്ന കൂട്ടത്തിലല്ല. മനസ്സിന്റെ മൂഡ് പോലെയിരിക്കും. ചില ദിവസങ്ങളിൽ ഒന്നിലേറെ സിനിമകൾ കാണും. ചിലപ്പോൾ ഒറ്റ സിനിമ പോലും കാണാറില്ല. നൃത്തത്തിലും മറ്റും ശ്രദ്ധിക്കേണ്ടിവരുമ്പോൾ സിനിമ കാണാറില്ല. മനസ്സ് വിഷമിച്ചിരിക്കുമ്പോൾ കോമഡി സിനിമകൾ കാണും.
ജീവിതപാഠം
എപ്പോഴും പോസിറ്റീവായി ചിന്തിക്കുകയാണ് പ്രധാനം. എന്തു കാര്യവും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടക്കും. ഈ സിനിമയിൽ വേഷമിടുമ്പോഴും വിജയിക്കും എന്നാണ് ചിന്തിച്ചത്. അതു സംഭവിക്കുകയും ചെയ്തു. ഒരു കാര്യവും നെഗറ്റീവായി ചിന്തിക്കരുത്.
കുടുംബ പശ്ചാത്തലം
കോട്ടയത്തിനടുത്ത കാരാപ്പുഴയാണ് സ്വദേശം. സിവിൽ എൻജിനീയറായ അച്ഛൻ ശിവൻ മനോഹരൻ ദുബായിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അമ്മ അനിത. ചേച്ചി അമേരിക്കയിലാണ്.