Sorry, you need to enable JavaScript to visit this website.

അവാർഡിലും മലയാളം  ബഹിഷ്‌കരണത്തിലും  മലയാളം

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം. 

ദേശീയ സിനിമാ അവാർഡ് ദാനം ഏറ്റവും വിവാദം സൃഷ്ടിച്ചിരിക്കുന്നത് ഏറ്റവും കൂടുതൽ അവാർഡുകൾ നേടി മികവ് കാട്ടിയ മലയാള സിനിമ തന്നെ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ അവാർഡ് ജേതാക്കൾക്കും അവാർഡ് നൽകുക രാഷ്ട്രപതി ആവില്ലെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ഏറ്റവും പ്രധാനപ്പെട്ട 11 അവാർഡുകൾ മാത്രമേ രാഷ്ട്രപതിക്ക് നൽകാൻ സമയമുള്ളൂവെന്നും ബാക്കിയുള്ള അവാർഡുകൾ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി നൽകുമെന്നുമായിരുന്നു അറിയിപ്പ്. മറ്റുള്ള അവാർഡ് ജേതാക്കൾക്ക് രാഷ്ട്രപതിയോടൊപ്പം ഫോട്ടോ സെഷനുമാത്രമേ അവസരമുള്ളു.
അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം സ്വാഭാവികമായും അവാർഡ് ജേതാക്കളെയും സിനിമാ പ്രേമികളെയും അമ്പരപ്പിച്ചു. രാഷ്ട്രപതിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ ഏതൊരു അവാർഡ് ജേതാവിനും ആഗ്രഹമുണ്ടാവുമല്ലോ. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അവർ രംഗത്തുവന്നു. ഇതിൽ മുന്നിൽ നിന്നത് മലയാള ചലച്ചിത്ര മേഖലയിൽനിന്നുള്ളവരായിരുന്നു. ഫഹദ് ഫാസിൽ അടക്കം പല പ്രമുഖരും കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ച് അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചു.
എന്നാൽ അതിനുശേഷമുണ്ടായ സംഭവങ്ങൾ മലയാള സിനിമക്ക് മൊത്തം നാണക്കേടായി. രാഷ്ട്രീയവും, മതവും, ജാതിയും, ഈഗോയുമെല്ലാം പുറത്തുവന്നു. കേന്ദ്ര തീരുമാനത്തിനെതിരെ സിനിമാ പ്രവർത്തകരുടെ പ്രതിഷേധ പ്രമേയത്തിൽ ഒപ്പിട്ടുകൊടുത്ത യേശുദാസ് പിന്നീട് പോയി അവാർഡ് വാങ്ങിയതാണ് ഏറ്റവും വിവാദമായത്. ഇതിനിടെ തന്നോടൊപ്പം സെൽഫി എടുത്ത യുവാവിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത യേശുദാസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയർന്നു. 
അവാർഡ് ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനെ ജിഹാദി എന്നാക്ഷേപിച്ചുകൊണ്ട് വർഗീയ ആക്രമണവും മറുഭാഗത്ത് പൊടിപൊടിച്ചു. 
സിനിമയെന്നാൽ കലാ സാംസ്‌കാരിക പ്രവർത്തനം മാത്രമല്ല, സങ്കുചിത രാഷ്ട്രീയവും, വർഗീയതയും, ഈഗോയുമെല്ലാം ചേർന്ന അഴുക്കുചാൽ കൂടിയാണെന്നാണ് ഒരു സിനിമാ, സീരിയൽ നടിതന്നെ വകുപ്പ് മന്ത്രിയായപ്പോൾ കണ്ടത്.

 

 

Latest News