കുട്ടികളെ ഉപാധികളില്ലാതെ സ്‌നേഹിക്കുക ; അവനെത്ര തന്നെ കുസൃതിക്കാരനോ, പഠനത്തില്‍ താല്‍പര്യമോ അച്ചടക്കമോ ഇല്ലാത്തവനായിക്കൊള്ളട്ടെ. സ്വന്തം മക്കളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ പിശുക്ക് വേണ്ട. ഇങ്ങിനെ ചെയ്യുന്നുവെന്ന് അവര്‍ മനസ്സിലാക്കുകയും വേണം. എല്ലാദിവസവും കുട്ടികളോട് നിങ്ങളവരെ സ്‌നേഹിക്കുന്നുവെന്ന് പറയുക. അതിലൂടെ മാത്രമേ നിങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടവരാകൂ. കുട്ടികള്‍ നല്ലവരും സദ്ഗുണസമ്പന്നരുമാണ് എന്ന വിചാരം ജനിപ്പിക്കുന്ന രീതിയില്‍ അവരോട് സംസാരിക്കണം. നിനക്കതിനു കഴിയും എന്ന് പ്രോത്സാഹജനകമായ രീതിയില്‍ സംവദിക്കുക. അത് ചെറുപ്പത്തിലേ വളര്‍ത്തിയാല്‍ വലുതാകുമ്പോള്‍ മുന്‍നിരയില്‍ തിളങ്ങാന്‍ അവരെ സഹായിക്കും. കുട്ടികള്‍ക്കുണ്ടാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തമസ്വഭാവഗുണങ്ങള്‍ നിങ്ങള്‍തന്നെ സ്വയമാര്‍ജിക്കാന്‍ ശ്രമിക്കുക. നിങ്ങളിലെ സ്വഭാവഗുണങ്ങള്‍ അടുത്തറിയാന്‍ കഴിയും വിധം അവരുമായി സഹവസിക്കാന്‍ സമയം കണ്ടെത്തുക. എന്നിട്ട്, അവരെ പറഞ്ഞു മനസിലാക്കിക്കുക. കുട്ടികള്‍ സ്വാംശീകരിക്കേണ്ട സ്വഭാവഗുണങ്ങളെന്തെന്ന് അവരെ ബോധ്യപ്പെടുത്തുകയും അത്തരത്തിലുള്ള സ്വഭാവരീതികള്‍ പ്രകടമാകുമ്പോഴൊക്കെ അഭിനന്ദിക്കുകയും ചെയ്യുക. അഭിനന്ദനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കും. ഓരോ കുട്ടികളും സവിശേഷസ്വഭാവഗുണങ്ങളും കഴിവുകളുമുള്ളവരാണ്. അവരുടെ ഏതെങ്കിലും പ്രതിലോമസ്വഭാവങ്ങള്‍ കാണുമ്പോള്‍ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന നിലപാട് സ്വീകരിക്കാതിരിക്കുക. ഒരു കുട്ടിയോട് സ്വീകരിക്കുന്ന ശിക്ഷണ നടപടി മറ്റൊരു കുട്ടിയില്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം. കുട്ടികളുടെ സ്വഭാവം അറിഞ്ഞ് വേണം പെരുമാറാന്‍. ശിക്ഷകള്‍ കൊടുക്കുമ്പോഴും അത് ക്രൂരമായി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്കുകളുപയോഗിക്കുക.. നീയിങ്ങനെ മടിപിടിച്ചിരുന്നാല്‍ ഒന്നും നടക്കില്ല എന്നുപറയുന്നതിനുപകരം ;ആ പണിതീര്‍ത്തുകഴിഞ്ഞാല്‍ എല്ലാം വളരെ എളുപ്പമാകുമല്ലോ എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക.
കഴിവതും അന്നന്നുള്ള കാര്യങ്ങള്‍ അന്നന്ന് തന്നെ തീര്‍ക്കാന്‍ പഠിപ്പിക്കണം. കാര്യങ്ങള്‍ എങ്ങനെ നല്ല രീതിയിലും സരളമായും കുട്ടികളെ പറഞ്ഞുമനസ്സിലാക്കാം എന്നതിനെ സംബന്ധിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും കുട്ടികള്‍ നമുക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍. അതിലൂടെ അവരെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ കഴിയും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നും തന്നെ മനസിലാക്കാന്‍ ശ്രമിക്കണം. നല്ല വ്യക്തികളുടെ ജീവചരിത്രങ്ങളും പുരാണങ്ങളുമൊക്കെ കുട്ടികളെ വായിച്ചുകേള്‍പ്പിക്കുക. അത് അവരില്‍ വായനാശീലം വര്‍ധിപ്പക്കുന്നതിനും സദ്ഗുണങ്ങള്‍ പഠിക്കുന്നതിനും സഹായകമാകും. മാത്രവുമല്ല, സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമായ ഗുണപാഠകഥകള്‍ വായിച്ചുകേള്‍പ്പിക്കുക. അതിലെ ഗുണപാഠമെന്തെന്ന് വ്യക്തമാക്കിക്കൊടുക്കുക. ശാന്തിയും, സ്‌നേഹവും, ദേഷ്യവിമുക്തവുമായ അന്തരീക്ഷം വീട്ടില്‍ സംജാതമാക്കുക. കുട്ടികള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനും അവയോട് സംയമനത്തോടെ പ്രതികരിക്കാനും പരിശീലിക്കുക. എപ്പോഴും അടിയും വഴക്കമുള്ള വീടുകളിലെ കുട്ടികളിലും സദ്ഗുണങ്ങള്‍ കുറവായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ ക്ഷമ പരിശീലിക്കുക. ജീവിതം സ്വഭാവഗുണങ്ങളെ സ്വായത്തമാക്കാനുള്ള പരിശീലനവേദിയാണ് ക്ഷമയെന്ന് തിരിച്ചറിയുക. നിങ്ങളെ ക്ഷമ പഠിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല അധ്യാപകന്‍ നിങ്ങളുടെ കുട്ടികള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ദേഷ്യം വരുന്ന സമയങ്ങളില്‍ അവരെ പഴിക്കാതെ സംയമനം പാലിക്കുക. നിങ്ങള്‍ കുട്ടികളോട് എന്തെങ്കിലും അബദ്ധം പ്രവര്‍ത്തിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തുറന്നുസമ്മതിക്കുക. അവരിലും ഈ ഗുണം വളര്‍ത്താന്‍ ഇത് സഹായിക്കും. മറ്റു രക്ഷിതാക്കള്‍ അവരുടെ കുട്ടികളോട് ഇടപഴകുന്നതിന്റെ അനുകരണീയ മാതൃകകളുണ്ടെങ്കില്‍ അത് സ്വായത്തമാക്കുക. മറ്റു രക്ഷിതാക്കളുടെ അഭിലഷണീയമല്ലാത്ത രീതികള്‍ തങ്ങള്‍ ഒരിക്കലും കൈക്കൊള്ളുകയും ചെയ്യരുത്.
നിങ്ങളുടെ സുഹൃത്തുക്കളോട് അവര്‍ എങ്ങനെയാണ് കുട്ടികളോട് പെരുമാറുന്നതെന്ന് ചോദിച്ച് മനസിലാക്കുക. കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് അതിന്റെ ദൂഷ്യഫലങ്ങളെന്തെന്ന് വിശദീകരിച്ചുകൊടുക്കുക. അബദ്ധങ്ങളൊഴിവാക്കി,കാര്യങ്ങള്‍ ശരിയായി ചെയ്യാനുള്ള മാര്‍ഗം പറഞ്ഞു കൊടുക്കുകയും വേണം. ഇതിനേക്കാളുപരി സ്വന്തം മക്കളുടെ മനസ് അറിയാന്‍ ഓരോ അച്ഛനും അമ്മയും ശ്രമിക്കണം. അവിടെയാണ് നിങ്ങള്‍ നല്ലൊരു രക്ഷകര്‍ത്താവ് ആകുന്നത്.