ന്യൂദൽഹി- ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. സുപ്രീം കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. നമ്പി നാരായണനെ കേസിൽ കുടുക്കിയെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
കേസിൽ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥർ വീടുവിറ്റിട്ടായാലും നഷ്ടപരിഹാരം നൽകണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞു. കേസിൽ ഉച്ചക്ക് ശേഷം വാദം തുടരും.
ചാരക്കേസ് അന്വേഷിച്ച മുൻ ഡി.ജി.പി സിബി മാത്യൂസ്, റിട്ട. എസ്.പിമാരായ കെ.കെ ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് വാദം തുടരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.