Sorry, you need to enable JavaScript to visit this website.

റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ചു, 2 മരണം  ലോക നേതാക്കള്‍ അടിയന്തര യോഗം ചേരുന്നു

ഹെല്‍സിങ്കി- ഉക്രെയിന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കിഴക്കന്‍ പോളണ്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ മിസൈലുകളില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്.  ലക്ഷ്യം തെറ്റിയെത്തിയ മിസൈല്‍ കിഴക്കന്‍ പോളണ്ടിലെ ഗ്രാമമായ പ്രസെവോഡോയില്‍ പതിക്കുകയും സ്ഫോടനം ഉണ്ടാവുകയും ചെയ്തെന്നാണ് സൂചന. പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിച്ചതായി പോളണ്ട് സര്‍ക്കാര്‍ വക്താവ് പിയോറ്റര്‍ മുള്ളര്‍ ട്വീറ്റ് ചെയ്തു.
 റഷ്യന്‍ മിസൈലുകള്‍ പോളണ്ടില്‍ പതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. നാറ്റോ അംഗരാജ്യമായ പോളണ്ടില്‍ മിസൈല്‍ പതിച്ചതിനു പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു. ജി20 ഉച്ചകോടിയിലും വിഷയം ചര്‍ച്ചയാവും. പോളണ്ട് പ്രസിഡന്റ് ആന്ദ്രേയ് ദൂദ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചു.
നാറ്റോ സഖ്യത്തിലെ അംഗങ്ങളായ നോര്‍വേ, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു. ഇതു വളരെ ഗുരുതരമായ സംഭവമാണെന്നും പക്ഷേ ചിത്രം വ്യക്തമല്ലെന്നും നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ആനികെന്‍ ഹ്യൂറ്റ്ഫെല്‍ഡ് പറഞ്ഞു. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടണമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു.
ജി20 ഉച്ചകോടിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ ഉക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിച്ചിരുന്നു. തലസ്ഥാനമായ കീവ് അടക്കം പല ജനവാസ കേന്ദ്രങ്ങളിലും മിസൈല്‍ വര്‍ഷിച്ചു. കീവില്‍ പകുതിയോളം സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറോളം  മിസൈലുകള്‍ റഷ്യ വര്‍ഷിച്ചതായി യുക്രെയ്ന്‍ ആരോപിച്ചു.
ചെര്‍ണീവ്, ലിവിവ്, മൈക്കലേവ്, ഹാര്‍ക്കീവ് എന്നിവിടങ്ങളിലും റഷ്യന്‍ ആക്രമണമുണ്ടായി. ജനങ്ങളോട് ഭൂഗര്‍ഭ അറകളില്‍ അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഖേഴ്സണില്‍ നിന്ന് പിന്‍മാറിയ ശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഇത്രയും രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. ജി 20 ഉച്ചകോടിയില്‍  പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു റഷ്യ പ്രതികാരം നടത്തുകയാണെന്ന് ഉക്രെയിന്‍  പ്രസിഡന്റിന്റെ ഓഫിസ് ആരോപിച്ചു.
 

Latest News