ന്യൂദല്‍ഹി- ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിനിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന്റേയും വീഡിയോ പുറത്തുവന്നു. ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോകോ വിദോദോ ആണ് അത്താഴവിരുന്നിന് ആതിഥേയത്വം വഹിച്ചത്.
പരമ്പരാഗത വേഷത്തിലാണ് ഇരുവരും അത്താഴവിരുന്നിനെത്തിയത്. ബുധനാഴ്ച വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോഡി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
2020 ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇരുനേതാക്കളും തമ്മില്‍ സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. ഇതിന് മുമ്പ് സെപ്റ്റംബറില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ ഹസ്തദാനം ചെയ്യുന്നതോ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന്റേയോ ദൃശ്യങ്ങളൊന്നും തന്നെ പുറത്തു വന്നിരുന്നില്ല.