കൊച്ചി- സിനിമയില്‍നിന്ന് വന്ന താന്‍ മിനിസ്‌ക്രീനിലേക്ക് മാത്രമായി ഒതുങ്ങി പോയതിന്റെ കാരണം മോശം അനുഭവങ്ങളാണന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി മൃദുല വിജയ്. സിനിമയില്‍ പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. സീരിയലില്‍ നിന്ന് തനിക്ക് ഇതുവരെ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മൃദുല പറയുന്നു.
സിനിമയിലേക്ക് വരുന്ന സമയത്ത് ചില ആളുകള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന രീതിയില്‍ ചോദിച്ചിട്ടുണ്ട്. അതിനു തയ്യാറല്ല. അതൊന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടാണ് എനിക്ക് വളരെ കുറഞ്ഞ ബജറ്റിലുള്ള സിനിമകളിലേക്ക് ഒതുങ്ങേണ്ടി വന്നത്. സെറ്റ് ക്ലിയര്‍ ആയിരിക്കണം എന്ന് മാത്രമായിരുന്നു എനിക്ക്. അത് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്.
സീരിയല്‍ ഫീല്‍ഡിലും അങ്ങനെയൊക്കെ ഉണ്ടെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് സീരിയല്‍ രംഗത്ത് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല- അവര്‍ പറഞ്ഞു.
കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് മൃദുല ജനപ്രീതി നേടിയത്. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. നടന്‍ യുവ കൃഷ്ണയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യൂട്യൂബിലും നടി സജീവമായിരുന്നു. തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം ഇപ്പോള്‍ യുട്യൂബ് വ്‌ളോഗിലൂടെയാണ് താരം പങ്കുവെക്കുന്നത്. 2020 ഡിസംബറില്‍ ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം. തുടര്‍ന്ന് 2021 ജൂലൈയില്‍ വിവാഹിതരായി. അടുത്തിടെ ഇവര്‍ക്ക് ധ്വനി കൃഷ്ണ എന്ന മകള്‍ ജനിച്ചു. മകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രസവ സമയത്ത് ആശുപത്രിയില്‍ നിന്നടക്കമുള്ള വീഡിയോകളും മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഗര്‍ഭിണി ആയത് മുതല്‍ നടി അഭിനയത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണ്.