ബ്രിട്ടന്‍ കാത്തിരിക്കുന്ന ഈ മാസം 19 ലെ രാജകീയ വിവാഹത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മേഗന്‍ മാര്‍കിളിന്റെ വിവാഹവേഷം ഒരു ലക്ഷം പൗണ്ടിന്റെ ഗൗണ്‍ ആയിരിക്കും. ഫാഷന്‍ ലോകം കാത്തിരിക്കുന്ന വേഷമായിരിക്കും ഇത്. വിവാഹദിനത്തിലെ ടൈം ഷെഡ്യൂളും കൊട്ടാരം പുറത്തുവിട്ടു. രാജകീയ വിവാഹത്തിന് നാടും നഗരവും ഒരുങ്ങവെ വിവാഹത്തിനെത്തുന്നവര്‍ പാഴ്‌സല്‍ ഭക്ഷണം കൈയില്‍ കരുതുന്നത് ഉചിതമെന്ന് കൊട്ടാരം. ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികള്‍ക്കായി കേറ്ററിംഗ് സര്‍വീസില്ല. ഇവര്‍ക്കു ശീതളപാനീയവും സ്‌നാക്‌സും മാത്രമാണു കൊട്ടാരം വകയായി ഒരുക്കിയിരിക്കുന്നത്.
രാജകീയ വിവാഹത്തിന് ക്ഷണം കിട്ടിയ 2640 അതിഥികളില്‍ 1200 പേര്‍ സാധാരണക്കാരാണ്. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള അവസരം വി ഐ പി അതിഥികള്‍ക്കു മാത്രമാണുള്ളത്. വിവാഹവും മറ്റു ചടങ്ങുകളും മണിക്കൂറുകള്‍ നീളുമെന്നതിനാല്‍ ഊണിനുള്ള പൊതി കൊണ്ടുവരുന്നതായിരിക്കും നല്ലതെന്നാണ് അറിയിപ്പ്.
ഭക്ഷണം ഉണ്ടാകില്ല എന്ന കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയതിന് പിന്നാലെയാണ് ഭക്ഷണം സ്വന്തമായി തന്നെ കൈയില്‍ കരുതുന്നത് ഉചിതമാണെന്ന നിര്‍ദ്ദേശം എത്തിയത്. ഹാരിമേഗന്‍ വിവാഹ ചെലവ് കൊട്ടാരമാണ് വഹിക്കുന്നത്.രാവിലെ ഒമ്പതുമണിക്ക് തന്നെ അതിഥികളെ വിന്‍ഡ്‌സര്‍ കാസിലിലേക്ക് ക്ഷണിക്കും. 11 മണിവരെ വിവാഹത്തിനുള്ള അതിഥികളെ സ്വീകരിച്ചാനയിക്കും. 11.20 നു കൊട്ടാരത്തിലെ അംഗങ്ങള്‍ എത്തും. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വിവാഹചടങ്ങു തുടങ്ങുക . 12 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് 1 മണിക്ക് അവസാനിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിക്ക് മുന്‍പാകെയാണ് രാജകീയ ദമ്പതികള്‍ വിവാഹ പ്രതിജ്ഞ എടുക്കുക. ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒരു മണിക്കൂര്‍ നീളുന്ന വിവാഹ ചടങ്ങിന് ശേഷം നവദമ്പതികള്‍ വിന്‍ഡ്‌സറില്‍ കുതിരവണ്ടിയില്‍ നഗര പ്രദക്ഷിണം നടത്തും. ആറ് തെരുവുകള്‍ കടന്ന് വിന്‍ഡ്‌സര്‍ കാസിലില്‍ തിരികെയെത്തുന്ന യാത്രയില്‍ ദമ്പതികളെ കാണാനും ആശംസ അര്‍പ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പതിനായിരങ്ങള്‍ ഒഴുകിയെത്തും.നഗരപ്രദക്ഷിണം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സെന്റ് ജോര്‍ജ്ജ് ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വിരുന്നു നല്‍കും.