ചെന്നൈ- രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞ് നളിനി. ഇന്നലെയാണ് നളിനി ജയില്‍ മോചിതയായത്. വിട്ടയക്കാന്‍ പ്രമേയം പാസാക്കിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി വാര്‍ത്താ സമ്മേളനത്തില്‍ നന്ദി അറിയിച്ചു. ഗാന്ധി കുടുംബത്തെ കാണാന്‍ അവസരമുണ്ടായാല്‍ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. ഗാന്ധി കുടുംബത്തെ കാണാന്‍ മടിയുണ്ടെന്നും അവര്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി പറഞ്ഞു.
ഭര്‍ത്താവ് മുരുകന് തന്നോടൊപ്പം രാജ്യത്ത് താമസിക്കണമെന്നാണ് ആഗ്രഹം. യു.കെയിലുള്ള മകളെ കാണാന്‍ പോകും. മകള്‍ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാല്‍ എമര്‍ജന്‍സി വീസയും പാസ്പോര്‍ട്ടും കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നളിനിയെ മോചിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
1991 മെയ് 21 ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു കോടതി ചൂണ്ടിക്കാണിച്ച കാരണം.