നമ്മള്‍ എന്ന സിനിമയില്‍ പരിമളമായി എത്തിയ ഭാവന എന്നും മലയാളത്തിന്റെ പ്രിയ നടി തന്നെയാണ്. പ്രതിസന്ധികളില്‍ തളരാതെ പൊരുതിക്കയറിയ ഭാവന ഇന്നും ബോള്‍ഡായി തന്നെ നിലനില്‍ക്കുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു ശക്തയായ ഭാവനയെ വീണ്ടും കണ്ടത്.
ബോളിവുഡില്‍ ഉണ്ടായ പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കുറച്ചു കൂടി പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്ന് ഭാവന പറഞ്ഞു. സിനിമാ രംഗത്തെ ഒരുപാട് പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും ഭാവന ചൂണ്ടിക്കാട്ടി. എന്നും നായകനെ ചുറ്റിപറ്റി മാത്രമുള്ള നായികാ കഥാപാത്രങ്ങള്‍ക്ക് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്റേതായ പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സന്തുഷ്ടയാണ്, പക്ഷേ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് ഭാവന പറഞ്ഞു
സിനിമ താന്‍ നേരത്തെ തന്നെ തൊഴിലായി സ്വീകരിച്ചതാണെന്നും ഭാവന പറഞ്ഞു. 15 വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫെഷന്‍ ഉപേക്ഷിക്കാന്‍ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും ഭാവന പറഞ്ഞു.