ന്യൂദല്‍ഹി- മലയാളികളടക്കമുള്ള ജീവനക്കാര്‍ കുടുങ്ങിയ ഹീറോയിക് കപ്പല്‍ നൈജീരിയയിലേക്ക് കൊണ്ടപോയി. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയാണ് കപ്പല്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതര്‍ ആശയവിനിമയം പോലും നടത്തിയില്ലെന്ന് പറയുന്നു.
നൈജീരിയയുടെ നേവി കപ്പലിനു പിറകിലായാണ് ഹീറോയിക് കപ്പല്‍ സഞ്ചരിക്കുന്നതെന്നും ക്യാപ്റ്റന്‍ സനു തോമസും ചീഫ് എഞ്ചിനീയറും കപ്പലിലാണുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരെ കൂടാതെ നൈജീരിയന്‍ സൈനികരും കപ്പലിനകത്തുണ്ട്.
എഞ്ചിന് തകരാര്‍ പരിഹരിക്കപ്പെട്ടതോടെ കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോകേണ്ടി വന്നില്ല. കപ്പലിന്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയന്‍ സൈന്യം ഏറ്റെടുത്തിരുന്നു. മലയാളികളായ വിജിത്തും മില്‍ട്ടണും അടക്കമുള്ളവര്‍ നാവികസേനാ കപ്പിലനകത്താണുള്ളത്.
എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ പതിമൂന്ന് നാവികരെയാണ് ലൂബ തുറമുഖത്തുള്ള നൈജീരിയയുടെ യുദ്ധകപ്പലിലേക്ക് മാറ്റിയത്. അന്വേഷണസംഘവും ഇന്ത്യന്‍ എംബസി അധികൃതരും വന്ന ശേഷം കപ്പലില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഗിനി സൈന്യം നൈജീരിയയോട് നിര്‍ദേശിച്ചിരുന്നത്. പിന്നീട് നൈജീരിയന്‍ സൈനികര്‍ക്കൊപ്പം ഇന്ത്യന്‍ നാവികരേയും കപ്പലും വിട്ടു കൊടുക്കുകയായിരുന്നു.