ബെര്‍ലിന്‍- ജൂതന്മാര്‍ കൂട്ടക്കൊലക്കിരയായെന്ന ഹോളോകോസ്റ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കുറ്റവാളിയെന്ന് പലതവണ വിധിക്കപ്പെട്ട 89 കാരിക്കുവേണ്ടി ജര്‍മന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. നാസി ഓമ അഥവാ നാസി മുത്തശ്ശിയെന്ന് അറിയപ്പെടുന്ന ഉല്‍സുല ഹവര്‍ബെക്ക് ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോയെന്നാണ് ആരോപണം. എട്ട് ആരോപണങ്ങളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഇവര്‍ക്ക് കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഏപ്രില്‍ 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന സമയം പാലിക്കാതെ നാസി മുത്തശ്ശി ഒളിവില്‍ പോകുകയായിരുന്നു. പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന് ഈ മാസം നാലിനാണ് പോലീസ് വാറണ്ട് പുറപ്പെടുവിച്ച് തിരച്ചില്‍ ആരംഭിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. നാസി പ്രചാരണത്തിലേര്‍പ്പെട്ടിരുന്ന ഇവര്‍ 2008 ല്‍ നിരോധിച്ച നാസി പരിശീലന കേന്ദ്രത്തിന്റെ അധ്യക്ഷയായിരുന്നു. ഹോളോകോസ്റ്റ് സംഭവിച്ചിട്ടില്ലെന്ന് പല തവണ പ്രസ്താവിച്ച ഇവരെ ഇതിനു മുമ്പും കോടതി ശിക്ഷിച്ചിരുന്നു. 2015 ല്‍ നടന്ന വിചാരണയില്‍ ആഷ്‌വിറ്റ്‌സ് മരണ ക്യാമ്പ് നിലവിലുണ്ടായിരുന്നുവെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വാദിച്ചിരുന്നു. ഇതൊരു വിശ്വാസം മാത്രമാണെന്നായിരുന്നു ഉര്‍സുല ഹാവര്‍ബെക്കിന്റെ വാദം. ചരിത്രത്തിലെ ഏറ്റവും വലിയ നുണയെന്ന് ഹോളോകോസ്റ്റിനെ കുറിച്ച് ഉര്‍സുല പലതവണ ടെലിവിഷന്‍ ചാനലുകളില്‍ പറഞ്ഞു.
സോവിയറ്റ് സേന വിമോചിപ്പിക്കുന്നതിനു മുമ്പ് ആഷ്‌വിറ്റ്‌സ്-ബിര്‍കെനൗ ക്യാമ്പുകളില്‍ 1940നും 1945 നുമിടയില്‍ 11 ലക്ഷത്തോളം ആളുകളെ കൂട്ടക്കൊല ചെയ്തുവെന്നാണ് പ്രചരിക്കപ്പെട്ട ഹോളോകോസ്റ്റ്. ഇവരില്‍ ഭൂരിഭാഗവും യൂറോപ്യന്‍ ജൂതന്മാരാണെന്നും അവകാശപ്പെടുന്നു. ഹോളോകോസ്റ്റ് നിഷേധത്തിനെതിരെ ജൂതന്മാര്‍ രംഗത്തുവരുന്നത് രാഷ്ട്രനേതാക്കളെയടക്കം വിവാദത്തിലാക്കാറുണ്ട്. ജൂതന്മാര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ മതത്തിന്റെ പേരിലല്ല, അവരുടെ സ്വഭാവം കാരണമാണെന്ന് ഈയിടെ പറഞ്ഞ ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന് അതു പിന്‍വലിച്ച് ക്ഷമ ചോദിക്കേണ്ടിവന്നു.