Sorry, you need to enable JavaScript to visit this website.

മൂന്നാംമുറ നായികയെ ന്യായീകരിച്ച് ട്രംപ് 

വാഷിംഗ്ണ്‍- യു.എസ് ചാരസംഘടനയായ സി.ഐ.എയുടെ മേധാവിയായി നാമനിര്‍ദേശം ചെയ്തിരിക്കെ, മൂന്നാംമുറയുടെ പേരില്‍ വിവാദത്തിലായ ഗിന ഹാസ്പലിനെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ കടുത്ത മുറകള്‍ സ്വീകരിക്കുന്നുവെന്ന ആരോപണം നേരിടുന്ന ഗിന സി.ഐ.എ മേധാവി സ്ഥാനത്തേക്ക് താനില്ലെന്ന് വ്യക്തമാക്കിയിരിക്കെയാണ് ട്രംപ് തന്റെ നോമിനിക്ക് വേണ്ടി രംഗത്തുവന്നത്.


ഭീകരരോട് കടുത്ത നിലപാട് കൈക്കൊള്ളുന്നതിനാലാണ് ഗിന ഹാസ്പല്‍ ആരോപണം നേരിടുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ബുധനാഴ്ച സെനറ്റിന്റെ കടുത്ത ചോദ്യങ്ങള്‍ നേരിടാനിരിക്കുന്ന ഹിന ഒടുവില്‍ പിന്മാറേണ്ടെന്ന തീരുമാനത്തിലെത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെനറ്റ് 51-49 എന്ന നിലയില്‍ ഭിന്നിച്ചിരിക്കെ നിയമനകാര്യത്തില്‍ അനിശ്ചിതാവസ്ഥ നീങ്ങിയിട്ടില്ല.
കഴിഞ്ഞ മാസം മൈക്ക് പോംപിയോ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് സി.ഐ.എ മേധാവി സ്ഥാനത്ത് ഒഴിവുവന്നത്. നിയമനം ഉറപ്പായാല്‍ സി.ഐ.ഐയെ നയിക്കുന്ന ആദ്യ വനിതയായിരിക്കും ഗിന ഹാസ്്പല്‍. 
ട്വറ്ററിലൂടെയാണ് പ്രസിഡന്റ് ട്രംപ് ഗിനക്കുള്ള തന്റെ ശക്തമായ പിന്തുണ അറിയിച്ചത്. വിന്‍ ഗിന എന്ന കമന്റിലൂടെയാണ് 33 വര്‍ഷമായി സി.ഐ.എയില്‍ സേവന പരിചയമുള്ള ഗിനക്ക് ട്രംപ് പിന്തുണ അറിയിച്ചത്. സി.ഐ.എയുടെ ഉള്ളറകളിലായിരുന്നു കൂടുതല്‍ കാലമെങ്കിലും അവസാനം ഗിന ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനത്ത് എത്തിയിരുന്നു. ഭീകരരെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ വാട്ടര്‍ബോഡിംഗ് വിദ്യ ഉപയോഗിച്ചു തുടങ്ങിയതാണ് ഗിനയെ വിവാദത്തിലാക്കിയത്. ഇത്തരം ചോദ്യം ചെയ്യലുകള്‍ നടത്തുന്നതിന് തായ്‌ലന്‍ഡിലുള്ള ബ്ലാക്ക് സൈറ്റ് ജയിലിനു മേല്‍നോട്ടം വഹിച്ചിരുന്നത് ഗിനയാണ്. മൂക്കും വായയും മൂടിക്കെട്ടി തലകീഴാക്കിയശേഷം മുഖത്തേക്ക് വന്‍തോതില്‍ വെള്ളമൊഴിച്ച് മുങ്ങിത്താഴുന്നതായി തോന്നിപ്പിക്കുന്നതാണ് വാട്ടര്‍ബോഡിംഗ്. 
മൂന്നാം മുറകളെ പിന്തുണക്കുന്ന ഗിനയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയതെന്ന് വാഷിംഗ്ടണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സെനറ്റിലെ ചോദ്യം ചെയ്യല്‍ സി.ഐ.എയിലുള്ള തന്റെ പ്രതിഛായയെ ബാധിക്കുമെന്ന ഭയമാണ് താന്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പോയ കാലത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിന്മാറേണ്ടി വന്ന റോണി ജാക്‌സന്റെ അനുഭവമാണ് ഗിന ഹാസ്പലിനെ പിറകോട്ടടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

Latest News