ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കൊണ്ടു വന്ന ഇംപീച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്റെ നടപടിക്കെതിരായ ഹരജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തന്നെ പുതിയ ബെഞ്ചിനു രൂപം നൽകി. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ലോകൂർ, കൂര്യൻ ജോസഫ് എന്നിവരിൽ ആരേയും പുതിയ ബെഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല. ജസറ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്ഡെ, എൻ വി രമണ, അരുൺ മിശ്ര, എ കെ ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
ചീഫ് ജസ്റ്റിസിനെതിരായ ഹരജി ചീഫ് ജസ്റ്റിസ് ഏതു ബെഞ്ചിനു വിടുമെന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു. ഏറ്റവും മുതിർന്ന മറ്റു നാലു ജഡ്ജിമാരും നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി വാർത്താ സമ്മേളനം നടത്തി രംഗത്തുവന്ന പശ്ചാത്തലത്തിൽ ഇവർ ബെഞ്ചിലുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. ഇംപീച്മെന്റ് പ്രമേയം തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി ആരു പരിഗണിക്കണമെന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് നേരച്ചെ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു.