ന്യൂദൽഹി- വലിയ കോസ്‌മെറ്റിക്ക് മാറ്റങ്ങളോടെ ഹുണ്ടെയ് ഐ20 ആക്ടീവ് ക്രോസോവർ ഇന്ത്യയിൽ വിൽപ്പന തുടങ്ങി. ദൽഹി എക്‌സ് ഷോറൂം വില 6.99 ലക്ഷം രൂപയിലാണ് തുടക്കം. ഇപ്പോൾ നിരത്തിലുള്ള മോഡലിൽ നിന്ന് വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും കാഴ്ചയിൽ വലിയ സൗന്ദര്യവർധക മിനുക്കു പണികൾ നടത്തിയിട്ടുണ്ട്. വെള്ളയും നീലയും ചേർന്ന ഡുവർ ടോൺ നിറമാണ് എടുത്തു പറയാവുന്ന പുതുമ. ഡിസൈനിൽ മുന്നിലെ ഗ്രില്ലിൽ ചെറു രീതിയിലാണെങ്കിലും എടുത്തു കാണിക്കുന്ന മാറ്റമുണ്ട്.
ഹുണ്ടെയ് മോഡലുകളിൽ കാണുന്ന കാസ്‌കേഡ് ഗ്രില്ലിൽ നിന്നും വ്യത്യസ്തമാണിത്. ഫോഗ് ലാമ്പുകൾക്ക് സിൽവർ ഫിനിഷ് നൽകിയിരിക്കുന്നു. ബുട്ട് ലിഡിന്റെ അറ്റത്ത് ബ്ലാക് റബർ സ്ട്രിപ് പിൻ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. അതേസമയം യൂറോപ്പിൽ അവതരിപ്പിച്ച മുഖംമിനുക്കിയ ഐ20 ആക്ടീവിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ മോഡലിൽ ടെയ്ൽ ലാമ്പിൽ മാറ്റങ്ങളൊന്നുമില്ലാതെ നിലനിർത്തിയിരിക്കുന്നു.
അകത്തളത്തിലും മാറ്റങ്ങളുണ്ട്. ഐ20 എലീറ്റിൽ കണ്ട അതെ ടച്ച് സ്‌ക്രീൻ യുണിറ്റ് ആക്ടീവിലും എത്തി. പുതിയ ഡുവൽ ടോൺ നിറത്തിനനുസരിച്ച് വശങ്ങളിലെ എസി വെന്റുകളിളും സീറ്റുകളിലും ഗീയർ നോബിലും നീലക്കളർ ഹൈലൈറ്റ്‌സ് നൽകിയിരിക്കുന്നു.
എഞ്ചിനിലും മാറ്റങ്ങളില്ല. 1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എഞ്ചിനും 1.4 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എഞ്ചിനുമാണ് വിവധ വേരിയന്റുകൽക്ക് കരുത്ത് പകരുന്നത്. ഇന്ത്യയിൽ ജനപ്രീതിയുള്ള ക്രോസോവറാണ് ഐ20 ആക്ടീവ്. ഈ ഗണത്തിലേക്ക് ഫോർഡിന്റെ ഫ്രീസ്‌റ്റൈൽ കൂടി എത്തിയതോടെയാണ് ഹുണ്ടെയ് മുഖംമിനുക്കിയത്.