Sorry, you need to enable JavaScript to visit this website.

മുന്‍ ഐ.ബി ഉദ്യോഗസ്ഥന്റെ കൊലക്കു പിന്നില്‍ സ്വത്തുതര്‍ക്കം, രണ്ടുപേര്‍ അറസ്റ്റില്‍

മൈസൂരു- കര്‍ണാടകയിലെ മൈസൂരില്‍ 82 കാരനായ റിട്ട. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മനു (30), സുഹൃത്ത് അരുണ്‍ ഗൗഡ എന്നിവരെയാണ് പിടികൂടിയതെന്ന് മൈസൂരു സിറ്റി പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.
മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍.കെ. കുല്‍കര്‍ണി നവംബര്‍ നാലിന് മൈസൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളില്‍ നടന്നു പോകുന്നതിനിടെ കാറിടിച്ച് മരിക്കുകയായിരുന്നു.  ഹിറ്റ് ആന്‍ഡ് റണ്‍ കേസാണ് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍ സമീപത്ത് സ്ഥാപിച്ചി സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വൈകുന്നേരം കുല്‍ക്കര്‍ണി കറങ്ങിനടന്നിരുന്ന സ്ഥലം അരുണ്‍ ഗൗഡ മനുവിന് കാണിച്ചുകൊടുക്കുന്നതായി കണ്ടെത്തി. മുന്‍ ഐബി ഉദ്യോഗസ്ഥനെ കാര്‍ മനപുര്‍വം ഇടിച്ചു വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി.
മനുവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
മരിച്ചയാളുടെ അയല്‍വാസിയായിരുന്നു മനു. ഐബി ഉദ്യോഗസ്ഥനുമായി ഇയാളുടെ കുടുംബത്തിന് സ്വത്ത് തര്‍ക്കമുണ്ടായിരുന്നു.
ശാരദാദേവി നഗറിലെ കുല്‍ക്കര്‍ണിയുടെ വീടിനോട് ചേര്‍ന്ന് മനുവിന്റെ പിതാവ് മടപ്പ ഒരു കെട്ടിടം നിര്‍മ്മിച്ചിരുന്നു. മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്റെ (എംസിസി) ബൈലോയുടെ ലംഘനം ചൂണ്ടിക്കാട്ടി കുല്‍ക്കര്‍ണി ഇതിനെ എതിര്‍ത്തു. മതിയായ സ്ഥലം വിട്ടുകൊടുക്കാതെയാണ് മടപ്പ വീട് നിര്‍മ്മിച്ചതെന്ന് ആരോപിച്ചു. കുല്‍ക്കര്‍ണിയുടെ കുടുംബവും മടപ്പയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഇതാണ് മനുവിനെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് കുല്‍ക്കര്‍ണിയെ കൊല്ലാന്‍ പദ്ധതിയിട്ടുവെന്നും പോലീസ് പറഞ്ഞു. പിതാവ് അറിയാതെയാണ് മനു കൊലപാതകം നടത്തിയതെന്നും പോലീസ് വെളിപ്പെടുത്തി.
കൊലപാതകം അന്വേഷിക്കാന്‍ പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിരുന്നു.
ഹാവേരി ജില്ലയിലെ സവനൂര്‍ സ്വദേശിയായ കുല്‍ക്കര്‍ണി 1963ലാണ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേര്‍ന്നത്. മൂന്നര പതിറ്റാണ്ടോളം വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 1999ല്‍ വിരമിച്ചു.

 

Latest News