ന്യൂദല്‍ഹി- ജമ്മു കശമീരിലെ കതുവ ബലാല്‍സംഗക്കൊലക്കേസ് വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസ് വിചാരണ പത്താന്‍കോട്ട്് ജില്ലാ സെഷന്‍സ് കോടതിയിലേക്കാണു മാറ്റിയത്. ജമ്മു കശ്മീര്‍ പോലീസ് െ്രെകം ബ്രാഞ്ച് അന്വേഷിച്ച കേസ് സിബിഐ പുനരന്വേഷിക്കണമെന്ന പ്രതികളുടേയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുടേയും ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു. കേസില്‍ കാലതാമസം ഒഴിവാക്കുന്നതിനു അതിവേഗ കോടതിയില്‍ ദിനേന വാദം കേള്‍ക്കല്‍ നടത്തണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
പത്താന്‍കോട്ട് കോടതിയില്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും കേസിലെ സാക്ഷികള്‍ക്കും സുരക്ഷ നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജമ്മു കശ്മീരിനു ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം അടിസ്ഥാനമാക്കിയുള്ള റണ്‍ബീര്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ അനുസരിച്ചായിരിക്കും വിചാരണ നടക്കുകയെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡ് ജമ്മു കശ്മീരിനു ബാധകമല്ല.
കുടുംബത്തിനും തങ്ങളുടെ അഭിഭാഷകര്‍ക്കും ഭീഷണിയുള്ളതിനാല്‍ കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ ചണ്ഡീഗഡിലേക്കു മാറ്റണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് പത്താന്‍കോട്ടിലേക്കാണ് സുപ്രീം കോടതി വിചാരണ മാറ്റിയത്. പത്താന്‍കോട്ടില്‍ മതിയായ സുരക്ഷയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു.
കേസിലെ രണ്ടു മുഖ്യപ്രതികള്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ജമ്മു കശ്മീരിനു പുറത്തേക്കു മാറ്റുന്നതിനേയും ഇവര്‍ എതിര്‍ത്തിരുന്നു.