Sorry, you need to enable JavaScript to visit this website.

VIDEO 32,000 പെണ്‍കുട്ടികള്‍ മതംമാറി ഐ.എസില്‍ ചേര്‍ന്നു, കേരള സ്‌റ്റോറി ടീസര്‍ വിവാദത്തില്‍;മുഖ്യമന്ത്രിക്ക് കത്ത്

ചെന്നൈ- കേരളത്തില്‍നിന്നുള്ള 32,000 പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ത്തുവെന്ന് അവകാശപ്പെടുന്ന സിനിമാ ടീസിറിനെ കുറിച്ച് അന്വേഷിക്കണമെന്ന് തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദാക്ഷന്‍ ബി.ആര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
'ദി കേരള സ്‌റ്റോറി' എന്ന സിനിമയുടെ ടീസര്‍ കണ്ടുവെന്നും സംവിധായകനെ വിളിച്ച് ഇതിന്റെ സത്യാവസ്ഥ അന്വേഷണിക്കണമെന്നുമാണ് ആവശ്യം.  
ചിത്രത്തിന്റെ ടീസര്‍ 2022 നവംബര്‍ മൂന്നിനാണ് സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്.

വിപുല്‍ അമൃത്‌ലാല്‍ ഷാ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ ഐഎസില്‍ ചേരാന്‍ തീവ്രവാദികളാക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥയാണ് ടീസര്‍ ചിത്രീകരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
ഇതിലെ ഉള്ളടക്കത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദാക്ഷന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും സെക്രട്ടറി അപൂര്‍വ ചന്ദ്രയ്ക്കും പരാതി അയച്ചിട്ടുണ്ട്.
സിനിമക്ക് അടിസ്ഥാനമാക്കിയ വിവരങ്ങളുടെ ഉറവിടം സമഗ്രമായി അന്വേഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനിവാര്യമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ഒരു അന്താരാഷ്ട്ര അതിര്‍ത്തിക്ക് മുന്നില്‍വെച്ച് ഒരു മുസ്ലീം സ്ത്രീയുടെ കഥയാണ് ടീസര്‍ പറയുന്നതെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
നടി ആധാ ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍, താന്‍ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്‌സായി ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിച്ചതെന്നും പറയുന്നു. തന്നെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക മാറ്റി ഫാത്തിമ ബാനു എന്ന് പുനര്‍നാമകരണം ചെയ്തു. തുടര്‍ന്ന് ഐഎസില്‍ ചേര്‍ന്നുവെന്നും പിന്നീട് അഫ്ഗാനിസ്ഥാനില്‍ തടവിലാക്കപ്പെടുകയും ചെയ്തതായും  പറയുന്നു.
കേരളത്തെ ഒരു ഭീകര സംസ്ഥാനമായി ചിത്രീകരിക്കുന്നതാണ് ടീസര്‍.  ഇത് 'കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ കഥ' ആണെന്നും വീഡിയോ അവകാശപ്പെടുന്നു.

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും എതിരായതും എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളുടെയും വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നതുമായ സിനിമ തിയേറ്ററുകളിലോ ഒടിടികളിലോ തെറ്റായ വിവരങ്ങളോടെ റിലീസ് ചെയ്താല്‍ അത് സമൂഹത്തില്‍ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിനെ വിളിച്ച് ഈ ടീസറിനെ കുറിച്ച് അന്വേഷിക്കാന്‍ അരവിന്ദാക്ഷന്‍ കത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

 

 

Latest News