ന്യൂദൽഹി - കോൺഗ്രസിൽ നിന്ന് ഈയിടെ പുറത്തുപോയി പുതിയ പാർട്ടിയുണ്ടാക്കിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനോട് പ്രതികരിച്ച് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്. ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവുന്നോ എന്നാണ് ആസാദിനോടായി ദിഗ് വിജയ് സിംങിന്റെ ചോദ്യം. കോൺഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ് നടത്തിയ പരാമർശങ്ങൾക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് പ്രതികരണം.
'നന്ദി സഹോദരാ, പക്ഷെ താങ്കൾ കോൺഗ്രസ് വിടാനുള്ള സാഹചര്യം ഇതുവരെ മനസ്സിലായിട്ടില്ല. താങ്കൾ ചെയ്തത് ശരിയായില്ല. ഭാരത് ജോഡോ യാത്രയ്ക്ക് നല്ല പിന്തുണ ലഭിക്കുന്നു. താങ്കൾ ചേരുന്നോ' എന്നാണ് ദിഗ് വിജയ് സിങിന്റെ ട്വീറ്റ്. ദേശീയ മാധ്യമങ്ങൾ പ്രാധാന്യപൂർവ്വമാണ് ഈ ട്വിറ്റ് ചർച്ച ചെയ്യുന്നത്.
മതേതരത്വത്തോടുള്ള കോൺഗ്രസിന്റെ നയത്തോട് തനിക്ക് എതിർപ്പില്ല. ശോഷിച്ച സംഘടന സംവിധാനത്തോടാണ് വിയോജിപ്പ്. ഗുജറാത്തിലും ഹിമാചലിലും കോൺഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കണമെന്നാണ് താൻ ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആം ആദ്മി പാർട്ടിക്കൊന്നും അതിന് കഴിയില്ലെന്നുമായിരുന്നു ഗുലാം നബി ആസാദ് ഇന്നലെ പറഞ്ഞത്.