ഇസ്താംബൂള്‍- ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാന യാത്ര കൗതുകമായി
ഏഴടിയും 0.7 ഇഞ്ചും ഉയരമുള്ള റുമൈസ ഗെല്‍ഗിക്ക് കയറാന്‍ വേണ്ടി വിമാനത്തിലെ ആറ് ഇക്കണോമി സീറ്റുകള്‍ ഒഴിവാക്കിയാണ് ടര്‍ക്കിഷ് വിമാനക്കമ്പനി സൗകര്യമൊരുക്കിയത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കായിരുന്നു യാത്ര. ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിതയായി 24 കാരി റുമൈസയെ കഴിഞ്ഞ വര്‍ഷമാണ് ഗിന്നസ് ബുക്ക് അംഗീകരിച്ചത്. റുമൈസയുടെ ആദ്യ വിമാന യാത്രക്ക് ടര്‍ക്കിഷ് എയര്‍ലൈന്‍സാണ് വിമാനത്തിലെ ആറു സീറ്റുകള്‍ ഒഴിവാക്കി പ്രത്യേക സ്‌ട്രെച്ചര്‍ ഒരുക്കിയത് 13 മണിക്കൂറാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാന സമയം.
ഇപ്പോള്‍ വീല്‍ ചെയറോ വാക്കറോ ഉപയോഗിച്ച് സഞ്ചരിക്കുന്ന റുമൈസക്ക് ചെറുപ്രായത്തിലും വിമാനത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല.
വിമാന യാത്രയുടെ ചിത്രങ്ങള്‍ റുമൈസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഇത് ആദ്യ വിമാന യാത്ര ആയിരുന്നുവെങ്കിലും ടര്‍ക്കിഷ് എയര്‍ലൈന്‍സിലൂടെ ഇനിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനാണ് ആഗ്രഹമെന്ന് എയര്‍ലൈന്‍സിന് നന്ദി പറഞ്ഞുകൊണ്ട് റുമൈസ കുറിച്ചു.
2014 ല്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ റുമൈസ കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും ഉയരം കൂടിയ വനിതയായത്.