ന്യൂദല്‍ഹി- രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ശബരിമല ക്ഷേത്രവിഷയം വീണ്ടും സുപ്രീംകോടതിയില്‍. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ രേവതിനാള്‍ പി. രാമവര്‍മരാജയും മറ്റും നല്‍കിയ ഹരജി ഒമ്പതിനു പരിഗണിക്കും.
ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണു കേസ് പരിഗണിക്കുന്നത്. ഉടമസ്ഥാവകാശവും ആവശ്യങ്ങളും ഹൈക്കോടതി തള്ളിയപ്പോഴാണു രാമവര്‍മരാജ സുപ്രീംകോടതിയെ സമീപിച്ചത്.
ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്റെ കരടു തയാറാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. മണ്ഡലകാലമെത്തിയതോടെ ശബരിമല കേസ് വീണ്ടും കോടതിയിലെത്തുന്നതു സര്‍ക്കാരിനു കീറാമുട്ടിയാണ്. കേസിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ദേവസ്വം വകുപ്പ് നിര്‍ദേശം നല്‍കി.
ശബരിമല അയ്യപ്പനു ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്തു നാലാഴ്ചക്കകം രഹസ്യ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോ എന്ന വിഷയവും പരിശോധിക്കണം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോവിഡ് മൂലം പരിഗണിക്കുന്നതു നീണ്ടുപോയി.
ദേവപ്രശ്‌നം ക്ഷേത്രത്തിന്റെ ഉടമകളായ തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു തടയണമെന്നും ശബരിമല ഭരണത്തിനു പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണു കൊട്ടാരത്തിന്റെ വാദം.