Sorry, you need to enable JavaScript to visit this website.

ഭാര്യക്ക് അശ്ലീല വീഡിയോ; പൊട്ടിക്കരഞ്ഞ് പാര്‍ട്ടി നേതാവ്, മാപ്പ് ചോദിച്ച് ഇംറാന്‍ ഖാന്‍

ഇസ്ലാമാബാദ്- തന്റെ പാര്‍ട്ടി എം.പിയുടെ ഭാര്യയുടെ സ്വകാര്യതക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു.  പാക്കിസ്ഥാന്റെ പേരില്‍ ഇമ്രാന്‍ ഖാന്‍ എംപിയുടെ ഭാര്യയോട് ക്ഷമാപണം നടത്തി.
സെനറ്റര്‍ അസം സ്വാതിയുടെ പത്രസമ്മേളനം നടത്തിയതിനുശേഷമാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.  
പത്രസമ്മേളനത്തില്‍ തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്നതിനിടെ അസം സ്വാതി പൊട്ടിക്കരഞ്ഞു. തന്റെയും ഭാര്യയുടെയും ആക്ഷേപകരമായ വീഡിയോ ഭാര്യയുടെ നമ്പറിലേക്ക്  അയക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പെണ്‍മക്കള്‍ കേള്‍ക്കുന്നതിനാല്‍ വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം ഭാര്യയും കൊച്ചുമകളും രാജ്യം വിട്ടതായും അദ്ദേഹം പറഞ്ഞു.
സൈന്യവും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ കസ്റ്റഡിയില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് എംപി സ്വാതി നേരത്തെ ആരോപിച്ചിരുന്നു. ഭാവിയില്‍ മറ്റുള്ളവര്‍ക്ക് ഇത് സംഭവിക്കാതിരിക്കാന്‍ കരസേനാ മേധാവിയും ചീഫ് ജസ്റ്റിസും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സ്വാതി ആവശ്യപ്പെട്ടു.

സൈനിക വിരുദ്ധ ട്വീറ്റുകള്‍ ആരോപിച്ചാണ് സ്വാതിയെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിന് ഉത്തരവാദികളായ രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണെന്ന് സ്വാതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എഫ്‌ഐഎ ഉദ്യോഗസ്ഥന്‍ ഇതില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News