സൗദി അറേബ്യ ഉള്‍പ്പെടെ ലോക സിനിമാ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഡ് ചലച്ചിത്രം അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന് ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡ്. ലോകമൊട്ടാകെ ഒരു ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍ (6450 കോടി രൂപ )യാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 25 ന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം റെക്കോഡ് നേട്ടത്തിലെത്തി. ഇത്രയും കലക്ഷന്‍ നേടുന്ന 33ആമത്തെ ചിത്രമാണ് അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍. ചിത്രം ഇതിനകം പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
പത്തുകൊല്ലമായി മാര്‍വല്‍ പല സിനിമകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വലിയ കഥാപ്രപഞ്ചത്തിന്റെ ക്ലൈമാക്‌സ്, അതാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ താനോസ്, കൊല്ലുന്നിടത്താണ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങുന്നത്. അടുത്ത നിമിഷങ്ങളില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയോടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ പ്രപഞ്ചത്തിലെ സൂപ്പര്‍താരങ്ങള്‍ എല്ലാം ഒരുമിച്ച് അണിനിരക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല വൈകാരിക രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇന്‍ഫിനിറ്റി വാര്‍ ചിത്രീകരിച്ചത്. അയണ്‍മാന്‍, ഡോ. സ്‌ട്രെയ്ഞ്ച്, സ്‌പൈഡര്‍മാന്‍ എന്നിവര്‍ക്കാണ് സിനിമയില്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ്. താനോസിന്റെ കരുത്ത് ശരിക്കും മനസ്സിലാകുന്ന മൂന്നുപേര്‍. ഹള്‍ക്ക് ഇത്തവണ ഇടിച്ചല്ല കോമഡി കാണിച്ചാണ് കയ്യടി നേടുന്നത്.
ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്ഫീലി എന്നിവരുടെ തിരക്കഥയാണ് സിനിമയുടെ പ്രധാനഘടകം. 30 കഥാപാത്രങ്ങളെ ഒരേ പ്രാധാന്യത്തോടെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ശ്രമകരമായ ദൗത്യം സിനിമയില്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 30 കോടി യുഎസ് ഡോളര്‍ മുതല്‍മുടക്കുള്ളതാണ് ഈ ചിത്രം . ഇതിന് മുമ്പുള്ള മാര്‍വല്‍ ചിത്രങ്ങള്‍ കാണാതെ പോയാല്‍ കഥ പറച്ചിലിലെ മികവ് മനസ്സിലായിക്കൊള്ളണമെന്നില്ല.
എല്ലാ വിഭാഗം പ്രേക്ഷരെയും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം അസാമാന്യ പാടവത്തോടെ കൈവരിച്ചിട്ടുണ്ട്.