ഇസ്ലാമാബാദ്- പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വസീറാബാദില്‍ വെച്ച് വെടിവെച്ച അക്രമികളുടെ ഫോട്ടോ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അക്രമി തോക്ക് വീശുന്നതാണ് ദൃശ്യങ്ങള്‍. ഇമ്രാന്‍ ഖാന്റെ അനുയായിയാണ് തോക്കുധാരിയെ കീഴടക്കി അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ ഹഖിഖി ആസാദി മാര്‍ച്ചിന് നേതൃത്വം നല്‍കുകകയായിരുന്നു. ഇമ്രാന്‍ ഖാന്‍ കണ്ടെയ്‌നര്‍ ട്രക്കിന്റെ മുകളില്‍ കയറി ഇസ്‌ലാമാബാദിലേക്കുള്ള ലോംഗ് മാര്‍ച്ചിനെ അഭിസംബോധന ചെയ്യുമ്പോഴാണ് സംഭവം. പരിക്കേറ്റ ഇമ്രാന്‍ ഖാനെ ബുള്ളറ്റ് പ്രൂഫ് കാറിലാണ് ആശുപത്രിയിലെത്തിച്ചത്.
രണ്ട് അക്രമികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ സുരക്ഷിതനാണെങ്കിലും കാലിന് വെടിയേറ്റ് പരിക്കുണ്ട്. ആക്രമണത്തില്‍ മുന്‍ സിന്ധ് ഗവര്‍ണര്‍ ഫൈസല്‍ ജാവേദ്, ഉമര്‍ ചാത്ത എന്നിവര്‍ക്കും പരിക്കേറ്റു.
ഗുജ്‌റന്‍വാലയിലെ അല്ലാവാല ചൗക്കില്‍ ഇമ്രാന്‍ ഖാന്റെ സ്വീകരണ ക്യാമ്പിന് സമീപമാണ് സംഭവം. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ ഒക്‌ടോബര്‍ 29 നാണ് ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.