കോഴിക്കോട്- താരങ്ങളെ കാണുമ്പോള്‍ സെല്‍ഫിയെടുക്കാനായി അടുത്തുപോകുന്ന നിരവധി പേരുണ്ട്. അത്തരത്തില്‍ സെല്‍ഫിയെടുക്കാനായി സമീപിച്ചയാള്‍ക്ക് ഒന്നു ശ്വാസം വിടട്ടെയെന്നായിരുന്നു നടി ലക്ഷ്മിപ്രിയ മറുപടി നല്‍കിയത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് നടിയുടെ ഫേസ്ബുക്ക് പേജില്‍ ഈ ആരാധകന്‍ കമന്റ് ചെയ്തിരുന്നു.
'ഞാന്‍ ഒന്നു ശ്വാസം വിടട്ടെ... ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മാഡത്തിന്റെ മറുപടി. കോഴിക്കോട് ടാഗോര്‍ ഓഡിറ്റോറിയത്തില്‍, ഓര്‍മ കാണില്ല. എന്ത് സമയം നിങ്ങള്‍ക്കില്ലെങ്കിലും ആരാധനകൊണ്ടാണ് ചോദിച്ചത്. നടന്‍ ഇന്ദ്രന്‍സേട്ടനെ നിങ്ങള്‍ കണ്ടുപഠിക്കണം. ഫോട്ടോ എടുക്കാന്‍ എന്ത് തിരക്കിലും, എന്തിന് പറയുന്നു ലൊക്കേഷന്‍ വണ്ടി വന്നുനിന്നിട്ട് അതില്‍ തന്റെ ബാഗുകള്‍ വച്ച് കാറില്‍ കയറാതെ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാഴ്ചയുണ്ടല്ലോ, മാഡം അതാണ് കണ്ടുപഠിക്കേണ്ടത്. ഇനിയും ഉയരങ്ങളിലെത്തട്ടെ.'- എന്നായിരുന്നു ആരാധകന്റെ കമന്റ്. അതേസമയം, ഒന്നു ശ്വാസം വിടട്ടെയെന്ന് താന്‍ പറയാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് നടി ആരാധകന് മറുപടി നല്‍കിയിട്ടുണ്ട്.
നടിയുടെ മറുപടി
പ്രിയപ്പെട്ട അനൂപ് ചന്ദ്രന്‍, ഞാന്‍ ഫേസ്ബുക്ക് അങ്ങനെ നോക്കാറേയില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒട്ടും ആക്ടീവ് അല്ല. എന്റെ ഫേസ്ബുക്ക് അഡ്മിന്‍ മനുവും എന്റെ ഭര്‍ത്താവ് ജയ് ദേവും ആണ് ഇതില്‍ പോസ്റ്റുകള്‍ ഇടുന്നത്. താങ്കളുടെ കമന്റ് ഇപ്പോഴാണ് ഞാന്‍ കാണുന്നത്. അതിനാലാണ് മറുപടി വൈകിയത് എന്നറിയിച്ചുകൊണ്ടു പറയട്ടെ...ഒരുപാട് വൈകിയാണ് അന്ന് ടാഗോര്‍ ഹാളില്‍ ഞങ്ങള്‍ പ്രോഗ്രാമിന് എത്തിയത്. ഇക്കാര്യം താങ്കള്‍ക്കും അറിയാമല്ലോ? ഒന്‍പത് മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങള്‍ 8.55ന് മാത്രമാണ് എത്തിയത്.
കൊച്ചിയില്‍ നിന്ന് രാവിലെ പത്തരയ്ക്ക് പുറപ്പെട്ട ഞങ്ങള്‍, ഉച്ചയ്ക്ക് ലഞ്ചിന് അര മണിക്കൂര്‍ മാത്രമാണ് വണ്ടി നിര്‍ത്തിയത്. ബ്ലോക്ക് മൂലം ഒരുപാട് കഷ്ടപ്പെട്ടും, വഴി അറിയാതെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്. മണിക്കൂറുകളോളം വണ്ടിയില്‍ ഇരുന്നും, വഴിയറിയാതെ വിഷമിച്ചും, സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെന്‍ഷനടിച്ചുമാണ് ഒരുവിധത്തില്‍ ആ സമയത്ത് അവിടെ എത്തിയത്.
നാലു മണിക്ക് എത്തുമെന്ന് കരുതി സംഘാടകര്‍ അവിടെ ഹോട്ടല്‍ വരെ അറേഞ്ച് ചെയ്തിരുന്നു. എന്റെ കുഞ്ഞു മകള്‍ അടക്കം തളര്‍ന്നു പോയി. അങ്ങനെ ഉലകം ചുറ്റും വാലിബന്‍ ആയി എത്തിച്ചേര്‍ന്നു. കാറില്‍ നിന്നു ഇറങ്ങിയ ഉടനെ ആണ് അനൂപ് എന്റെ മുന്നില്‍ വന്നത്.ശരിക്കും തല കറങ്ങിയത് കൊണ്ടാണ്, 'ഞാനൊന്നു ശ്വാസം വിടട്ടെ'' എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളില്‍ കയറി അഞ്ച് മിനിട്ടിനുള്ളില്‍ പരിപാടി അവസാനിച്ചു. അവിടെ എന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ വന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ നിന്നിട്ടുമുണ്ട്. താങ്കള്‍ക്ക് മനസിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും താങ്കള്‍ക്ക് എന്നെക്കൊണ്ട് ഏതെങ്കിലും രീതിയില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.