ന്യൂദല്‍ഹി- ദി വയര്‍ എഡിറ്റര്‍മാരുടെ വീടുകളിലും അവരുടെ ഓഫീസിലും ന്യൂസ് റൂമിലും ദല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.
ദല്‍ഹി പോലീസിന്റെ തിരച്ചിലുകളും കണ്ടുകെട്ടലും അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണ്. ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്താന്‍ പോലീസ് കാണിച്ച തിടുക്കം അനുചിതമാണ്.
ഈ വിഷയത്തില്‍ സമര്‍പ്പിച്ച എല്ലാ പരാതികളെ കുറിച്ചുമുള്ള അന്വേഷണം വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കണമെന്നും ജനാധിപത്യ തത്വങ്ങളെ അവഗണിച്ച് ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും ഗില്‍ഡ് ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
ബിജെപി പ്രവര്‍ത്തകന്‍ അമിത് മാളവ്യ ദ വയറി നെതിരെ നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി പരാതിയിലായിരുന്നു ദല്‍ഹി പോലീസ് നടപടി.
മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും ഓഫീസില്‍ നിന്നും ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ഐപാഡുകള്‍ എന്നിവ പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നും അഭ്യര്‍ത്ഥിച്ചിട്ടും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഹാഷ് മൂല്യം നല്‍കിയിട്ടില്ലെന്നും ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഇത് നടപടിക്രമങ്ങളുടെയും അന്വേഷണ ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. മാത്രമല്ല, എഡിറ്റര്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും ഡിജിറ്റല്‍ ഉപകരണങ്ങളില്‍ പത്രപ്രവര്‍ത്തന സ്രോതസ്സുകളുമായും ജോലിയിലുള്ള സ്‌റ്റോറികളുമായും ബന്ധപ്പെട്ട സെന്‍സിറ്റീവ് വിവരങ്ങള്‍ ഉണ്ടായിരിക്കും. അത്തരം പിടിച്ചെടുക്കലുകളില്‍ അതിന്റെ രഹസ്യസ്വഭാവം ഗുരുതരമായി ലംഘിക്കപ്പെടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മാളവ്യയുമായും മെറ്റയുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ ദ വയര്‍ ഇതിനകം സമ്മതിച് കാര്യമാണെന്നും ഗില്‍ഡ് അഭിപ്രായപ്പെട്ടു.
ഈ വീഴ്ചകള്‍ അപലപനീയമാണെന്നും തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പിന്നീട് ദി വയര്‍ പിന്‍വലിച്ചരുന്നുവെന്നും ഗില്‍ഡ് വ്യക്തമാക്കി.
പോലീസ് തിരച്ചിലുകളും പിടിച്ചെടുക്കലും സ്ഥാപിത നിയമങ്ങളുടെ ലംഘന വും ഭയപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ഈ വിഷയത്തില്‍ അന്വേഷണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും തന്ത്രപ്രധാനമായ പത്രപ്രവര്‍ത്തന വിവരങ്ങളുടെ സമഗ്രത ലംഘിക്കപ്പെടുന്നില്ലെന്നും വാര്‍ത്താ ഓര്‍ഗനൈസേഷന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളോട് എഡിറ്റേഴ്‌സ് ഗില്‍ഡ് അഭ്യര്‍ത്ഥിച്ചു.