Sorry, you need to enable JavaScript to visit this website.

ചൊവ്വയിലെ പ്രകമ്പന രഹസ്യം തേടി നാസയുടെ ഇന്‍സൈറ്റ് ലാന്റര്‍ പുറപ്പെട്ടു 

കാലിഫോര്‍ണിയ- ചൊവ്വാ ഗ്രഹത്തിന്റെ ഉള്ളറകളെ കുറിച്ച് പഠിക്കുന്നതിനായി നാസയുടെ ബഹിരാകാശ പേടകമായ ഇന്‍സൈറ്റ് ലാന്റര്‍ വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമസേനാ ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ നാല് മണിക്കായിരുന്നു പേടകം ഘടിപ്പിച്ചുള്ള അറ്റ്‌ലസ് വി റോക്കറ്റിന്റെ വിക്ഷേപണം. ആദ്യമായാണ് ഒരു ഗ്രഹാന്തര പര്യവേക്ഷണ വിക്ഷേപണം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ വിക്ഷേപണത്തറയില്‍നിന്ന് നടത്തിയത്.  
450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥത്തില്‍ പാറകള്‍ നിറഞ്ഞ ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിക്കാന്‍ ഭൂമിയേക്കാള്‍ നല്ലത് ചൊവ്വയാണെന്നും ശിലാഫലകങ്ങളുടെ ചലനത്തിലൂടെയും മറ്റും ചൊവ്വാഗ്രഹത്തിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇന്‍സൈറ്റിന്റെ ചീഫ് സൈന്റിസ്റ്റ് ബ്രൂസ് ബാനെര്‍ട്ട് പറഞ്ഞു. 


ഇന്‍സൈറ്റ് ലാന്റര്‍ ചൊവ്വയിലെത്താന്‍ ആറ് മാസത്തിലേറെ സമയമെടുക്കും. ഗ്രഹത്തിന്റെ താപനിലയറിയുന്നതിനായി ഇന്‍സൈറ്റ് പേടകം ചൊവ്വയുടെ പ്രതലത്തില്‍ ഇതുവരെ നടത്തിയതിനേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള ഖനനം നടത്തും. ഒരു യന്ത്ര ചുറ്റികയും പ്രകമ്പനം അളക്കുന്നതിനുള്ള സംവിധാനവും മാര്‍സ് ഇന്‍സൈറ്റ് ലാന്ററിലുണ്ട്.
ചൊവ്വാ പ്രതലത്തില്‍ നേരിട്ട് സ്ഥാപിക്കുന്ന അത്യാധുനിക സീസ്‌മോമീറ്ററിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങള്‍ കണ്ടെത്താന്‍ ഇന്‍സൈറ്റ് ലാന്റര്‍ ശ്രമിക്കും. 
നവംബര്‍ 26 ന് ഇന്‍സൈറ്റ് ലാന്റര്‍ ചൊവ്വാ ഉപരിതലത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് പ്രത്യേകമായി തയ്യാറാക്കിയ യന്ത്രക്കൈ ഉപയോഗിച്ച് പഠന ഗവേഷണങ്ങള്‍ക്കായുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സ്ഥാപിക്കും.

Latest News