മംഗളൂരു- പ്രസവിക്കുന്നത് പെണ്‍കുഞ്ഞിനെയാകണമെന്ന് ആഗ്രഹിച്ചു, കിട്ടിയത് ആണ്‍ കുട്ടിയെ. നിരാശയിലായ യുവതി നവജാതശിശുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സുലിയ താലൂക്കിലെ ഒരു ഗ്രാമത്തിലെ സ്ത്രീയാണ് 10 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം യുവതിക്കെതിരെ ദക്ഷിണ കന്നഡ പോലീസ് കേസെടുത്തു. പ്രതിയായ യുവതിയുടെ ഭാര്യാസഹോദരിയാണ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. പവിത്ര എന്ന യുവതിയാണ് കൊലപാതകം നടത്തിയത്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുഞ്ഞിനെയാണ് പവിത്ര ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജനിച്ചത് ആണ്‍കുഞ്ഞായിരുന്നു. തന്റെ ആഗ്രഹം സഫലമാകാതെ വന്നതിനെ തുടര്‍ന്ന് യുവതി നവജാത ശിശുവിനെ കിണറ്റിലേക്കെറിയുകയായിരുന്നെന്ന് പരാതിയില്‍ പറഞ്ഞിട്ടുളളതായി പോലീസ് പറഞ്ഞു. തുംകുരു ജില്ലയിലെ ഷിറ താലൂക്കിലെ മണികാന്തുമായി ഒരു വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ രണ്ടാം വിവാഹമാണിതെന്നും ബാംഗ്ലൂര്‍ സ്വദേശിയുമായി ആയിരുന്നു ആദ്യ വിവാഹമെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 19ന് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം യുവതി അസ്വസ്ഥയായിരുന്നു. കുഞ്ഞിന് മുലപ്പാല്‍ പോലും യുവതി നല്‍കിയിരുന്നില്ല.