ദയൂബന്ദ്- മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന് ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മൗലാന അര്‍ഷദ് മദനി.
കോളജുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും പഠിച്ചിറങ്ങി കോടിക്കണക്കിനു പൗരന്മാരുടെ സമ്പത്ത് മോഷ്ടിച്ച് വിദേശത്തേക്ക് കടന്ന് ആര്‍ഭാട ജീവിതം നയിക്കുന്നവരില്ലേ രാജ്യദ്രോഹികളെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോഴാണ് ഇവര്‍ കോടികള്‍ കവര്‍ന്ന വിദേശത്ത് കഴിയുന്നത്. ഇങ്ങനെ നാടുവിട്ടവരില്‍ എത്ര മുസ്‌ലിങ്ങളുടണ്ടെന്ന് കണ്ടെത്താന്‍ ഇതുവരെ ശ്രമം നടന്നിട്ടുണ്ടോ. നിയമം ഇത്തരക്കാരില്‍ എത്തില്ലെന്നതാണ് വാസ്തവമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളികള്‍ക്കും മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായം ആവശ്യമില്ലെന്നും മദ്രസകളുടെ സര്‍ക്കാര്‍ ബോര്‍ഡ് അഫിലിയേഷന്‍ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദയൂബന്ദ് ദാറുല്‍ ഉലൂം ദുയൂബന്ദില്‍ നടന്ന കുല്‍ ഹിന്ദ് റാബ്തയെ മദാരിസ് ഇസ്‌ലാമിയയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ഷദ് മദനി.
മദ്രസകള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ജീവിക്കാനുള്ള അവകാശം നല്‍കരുതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന പ്രചാരണത്തെ അദ്ദേഹം ചോദ്യം ചെയ്തു.
'നിങ്ങള്‍ക്ക് എപ്പോ വേണമെങ്കിലും മദ്രസകള്‍ സന്ദര്‍ശിക്കാം. അവിടെ പരിശോധിക്കാം. മതഗ്രന്ഥങ്ങളും പഠിതാക്കളുമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കവിടെ കണ്ടെത്താനാവില്ല- അദ്ദേഹം പറഞ്ഞു.
ആധുനിക വിദ്യാഭ്യാസത്തിന് തങ്ങള്‍ എതിരല്ല. തങ്ങളുടെ കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തണം. എഞ്ചിനീയര്‍, ശാസ്ത്രജ്ഞന്‍, അഭിഭാഷകന്‍, ഡോക്ടര്‍ ആവണമെന്നും മത്സര പരീക്ഷകളില്‍ ആവേശത്തോടെ പങ്കെടുത്ത് വിജയം നേടണമെന്നും ആഗ്രഹിക്കുന്നു. എന്നാല്‍ അതോടൊപ്പം മതം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച മതപണ്ഡിതരുടെ ആവശ്യം മദ്രസകളിലൂടെ മാത്രമേ നിറവേറ്റാനാവൂയെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ മദ്രസകളുടെ, പ്രത്യേകിച്ച് ദാറുല്‍ ഉലൂമിന്റെ പങ്കിനെയും അതിന്റെ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 'ദാറുല്‍ ഉലൂം സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം വിദ്യാഭ്യാസം മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യവും കൂടിയായിരുന്നു-അദ്ദേഹം പറഞ്ഞു.