ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രസ്താവനകള്‍ ശത്രു രാജ്യമായ ഇന്ത്യ വില്‍ക്കുകയാണെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വക്താവ് ഫൈസല്‍ കരീം.
വിദേശ അജണ്ടയുമായി മാര്‍ച്ച് നടത്തുന്ന വിദേശ ഫണ്ട് നേതാവാണ് ഇംറാന്‍ ഖാനെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ശത്രുവായ ഇന്ത്യ മുന്‍ പ്രധാനമന്ത്രിയുടെ വാക്ചാതുര്യം വിപണനം ചെയ്യുകയാണെന്ന് ഫൈസല്‍ കരീം കുറ്റപ്പെടുത്തി.
ഭൂട്ടോയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നിയാസിക്ക് (ഇംറാന്‍ ഖാന്‍) കഴിയില്ല- പിപിപി നേതാവ് പറഞ്ഞു. അതേസമയം, മുരിദ്‌കെയില്‍ ഇംറാന്‍ ഖാനോടൊപ്പം മൂവായിരത്തോളം പേര്‍ ഉണ്ടെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.
ലോംഗ് മാര്‍ച്ചിലൂടെ ഇംറാന്‍ ഖാന്‍ ഇന്ത്യക്കുവേണ്ടി കളിക്കുകയാണെന്ന് സിയാല്‍കോട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ ആസിഫ് പറഞ്ഞു.
മാര്‍ച്ചിന്റെ 98 ശതമാനം റൂട്ടും പഞ്ചാബിലാണെന്നും 67 കിലോമീറ്റര്‍ മാത്രമാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രദേശത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പമാണെന്നും അതിനെ ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ ഖാന്‍ പറഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമാബാദിലേക്കുള്ള 'ഹഖീഖി ആസാദി' മാര്‍ച്ചിന്റെ മൂന്നാം ദിവസത്തെ പ്രസംഗത്തിലാണ് മുന്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.