വീണ്ടുമൊരു മാമ്പഴക്കാലമെത്തി. മധുരമൂറുന്ന വൈവിധ്യമാര്‍ന്ന മാമ്പഴങ്ങള്‍ കമ്പോളങ്ങള്‍ നിറയാന്‍ തുടങ്ങി. എന്നാല്‍, അമിതലാഭം നേടാനുള്ള വ്യഗ്രത മാമ്പഴങ്ങളെ വിഷമയമാക്കുന്നു. കേരളത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്ന മാങ്ങകളില്‍ ചെറിയ തോതില്‍ വിഷപ്രയോഗം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ മാവുകള്‍ നന്നായി പൂക്കുകയും ഫലലഭ്യത കുടുതലാവുകയും ചെയ്തു. നാട്ടിന്‍പുറങ്ങളില്‍ വിവിധതരത്തിലുള്ള മാങ്ങകള്‍ സുലഭമാണ്. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ വിപണിയില്‍ സജീവമായിട്ടുണ്ട്. കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് മാര്‍ക്കറ്റുകളിലെത്തുന്നത്. മൂപ്പെത്താത്ത മാമ്പഴങ്ങള്‍ ബോക്‌സുകളിലാക്കി അവയില്‍ കാല്‍സ്യം കാര്‍ബൈഡിന്റെ പൊതി വച്ചാണ് കൃത്രിമമായി പഴുപ്പിക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ക്ക് നിറവും ഭംഗിയും കൂടുതലാണ്. മാമ്പഴങ്ങള്‍ പെട്ടെന്ന് കേടാകുകയുമില്ല. ഇതിനാലാണ് വ്യാപാരികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
വലിയ ഗോഡൗണുകളില്‍ കൂട്ടിയിട്ട് രാസവസ്തു വിതറി പഴുപ്പിച്ചെടുക്കുകയും ചെയ്യുന്നവരുണ്ട്. ഗ്യാസ് വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവുമാണ് മാങ്ങ പഴുപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുപ്പിക്കാന്‍ വേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ഥം പച്ചമാങ്ങയില്‍ സ്‌പ്രേ ചെയ്യുന്ന രീതിയുമുണ്ട്. മാമ്പഴത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബൈഡ് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.