ഗുഡ്ഗാവ്- ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം തടഞ്ഞുകൊണ്ട് ഹിന്ദുത്വ തീവ്രവാദികളുടെ പ്രകോപനം പതിവായി. രണ്ടാഴ്ച മുമ്പ് ഗുഡ്ഗാവ് സെക്ടര്‍ 53ലെ രണ്ടു ഗ്രാമങ്ങളില്‍ ജുമുഅക്കായി ഒത്തു കൂടിയ 700ഓളം മുസ്ലിംകളെ ഏതാനും പേര്‍ ചേര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആട്ടിയോടിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. എല്ലാ ആഴ്ചയും ഇതു പതിവായിരിക്കുകയാണിപ്പോള്‍. തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരം നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഗുഡ്ഗാവിലെ പത്തിടങ്ങളില്‍ ജുമുഅക്കായി ഒത്തു കൂടിയ മുസ്ലിംകളെ ആട്ടിയോടിച്ചെന്ന് വ്യക്തമാക്കി വിവിധ തീവ്രഹിന്ദുത്വവാദി സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി രംഗത്തെത്തിയിരുന്നു. ഗുഡ്ഗാവില്‍ പള്ളികളില്ലാത്തതിനാല്‍ തുറസ്സായ പുറമ്പോക്ക് ഭൂമിയിലായണ് ഗ്രാമീണര്‍ ജുമുഅക്കായി ഒത്തു ചേരുന്നത്. ഇവിടെ പള്ളിയോ മറ്റു സ്ഥിരം സംവിധാനങ്ങളോ ഇല്ല. നമസ്‌ക്കാര ശേഷം എല്ലാവരും പിരിഞ്ഞു പോകും. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുള്ളത്.
ആര്‍.എസ്്.എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ശിവ സേന, ഹിന്ദു ജാഗരണ്‍ മഞ്ച്, അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍ തുടങ്ങിയ വിവിധ തീവ്രവാദി സംഘടനകളുടെ നേതൃത്വത്തിലാണ് ഇത് അരങ്ങേറുന്നത്. വെള്ളിയാഴ്ചകളില്‍ ജുമുഅ നടക്കുന്ന സ്ഥലങ്ങളില്‍ നേരിട്ട് ചെന്നാണ് ഇവര്‍ തടയുന്നത്. പത്തോളം പേരടങ്ങുന്ന സംഘമെത്തിയാണ് ഓരോയിടത്തും വിശ്വാസികളെ ആട്ടിപ്പായിക്കുന്നത്. സംഭവങ്ങളില്‍ ഇതുവരെ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ല. ഇവരുടെ ആവശ്യപ്രകാരം വിശ്വാസികള്‍ പിരിഞ്ഞു പോയിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകരോട് ഗുഡ്ഗാവില്‍ തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന മുസ്്‌ലിംകളുടെ എല്ലാ നമസ്‌കാരങ്ങളും ക്രമസമാധാന പ്രശ്നമുണ്ടാക്കാതെ തടയാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ബജ്്‌റംഗ്്ദള്‍ ജില്ലാ പ്രസിഡന്റ് അഭിഷേഖ് ഗൗര്‍ പറയുന്നു.
ഗുഡ്ഗാവില്‍ 34 ഇടങ്ങളില്‍ ജുമുഅ അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ മുസ്്‌ലിംകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ റോഡ് തടസ്സം കണക്കിലെടുത്ത് മൂന്നിടങ്ങളിലെ നമസ്‌കാരം ഒഴിവാക്കാന്‍ തയാറാണെന്നും മറ്റിടങ്ങളില്‍ അനുവദിക്കണമെന്നുമാണ് മുസ്ലിംകളുടെ ആവശ്യം. നമസ്‌കാരം നടക്കുന്ന പലയിടത്തും വെള്ളിയാഴ്ചകളില്‍ പോലീസ് കാവലുണ്ട്. എങ്കിലും പോലീസിനെ നോക്കുകുത്തിയാക്കിയാണ് ഹിന്ദുത്വ തീവ്രവാദികള്‍ പ്രാര്‍ഥന തടുന്നത്.
എല്ലായിടത്തും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഗുഡ്ഗാവ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപി സിങ്് പറഞ്ഞു. ആരാധന തടയാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നമസ്‌കാരം തടയുന്നത് പതിവായതോടെ ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ കണ്ടെത്തി സുരക്ഷ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ജുമുഅ നടത്താവുന്ന ഭൂമി കണ്ടെത്താന്‍ വഖഫ് ബോര്‍ഡിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്്.