ബെംഗളൂരു- മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പോലീസ്. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരില്‍ പ്രതിയോഗികള്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വാമിയുടെ മരണത്തിനു പിന്നാലെ മുറിയില്‍നിന്നു കണ്ടെത്തിയ 2 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് സംവിധാനം ഉപയോഗിച്ച് യുവതി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തില്‍ പകര്‍ത്തിയ നാല് അശ്ലീല വീഡിയോകള്‍ പുറത്തു വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജ്ഞാതയായ ഒരു യുവതിയാണ് തന്നോടിത് ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സ്വാമി വെളിപ്പെടുത്തിയത്.
1997 ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കര്‍ണാടക രാമനഗരയിലെ കാഞ്ചുങ്കല്‍ ബണ്ടെയില്‍ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയില്‍നിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.