ലണ്ടന്‍- പുതിയ പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും ഡൗണിംഗ് സ്ട്രീറ്റില്‍ പത്താം നമ്പറിന് മുകളിലുള്ള ഫ്‌ളാറ്റിലേക്ക് താമസം മാറുന്നു. ഫഌറ്റിലേക്ക് പലവിധ സാധനങ്ങളുമായി നിരവധി വാനുകളാണ് എത്തിയത്. എല്ലാറ്റിനും മേല്‍നോട്ടം സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയാണ്.
പ്രൊഫഷണല്‍ സ്ഥാപനമായ ബിഷപ്പ്‌സ് മൂവ് ആണ് സാധനങ്ങള്‍ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്. പിയാനോ, ഡബിള്‍മെത്ത, ഗ്യാസ് ബാര്‍ബിക്യൂ എന്നിവ മാറ്റിയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിമാര്‍ സാധാരണ താമസിക്കുന്നത് നമ്പര്‍ 11 ഡൗണിംഗ് സ്ട്രീറ്റിന് മുകളിലുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ്. എന്നാല്‍ 10 ാം നമ്പറിന് മുകളിലുള്ള ചാന്‍സലറുടെ ഫ്‌ളാറ്റിലേക്ക് മടങ്ങാനാണ് സുനക്കിന്റെ കുടുംബം തീരുമാനിച്ചത്. ഇത് താരതമ്യേന ചെറുതും ലളിതമായ സൗകര്യങ്ങളുള്ളതുമാണ് വസതിയാണ്.
ബോറിസ് ജോണ്‍സനും കാരി ജോണ്‍സണുമാണ് നമ്പര്‍ 11 ഫഌറ്റ് ആഡംബര വസതിയാക്കി മാറ്റി ഉത്തരവിട്ടത്. എന്നാല്‍ അത്രയും ആഡംബരം വേണ്ടെന്ന് സുനക് തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം ആദ്യം യു.കെയിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ സുനക്കും അക്ഷത മൂര്‍ത്തിയും ഉള്‍പ്പെട്ടിരുന്നു. ഇരുവരുടേയുംകൂടി മൊത്തം ആസ്തി 730 മില്യണ്‍ പൗണ്ടാണെന്ന് കണക്കാക്കപ്പെടുന്നു.
നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ 6.6 മില്യണ്‍ പൗണ്ടിന്റെ മാന്‍ഷന്‍ ഉള്‍പ്പെടെ ഏകദേശം 15 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന നാല് ആഡംബര ഭവനങ്ങള്‍ അവര്‍ക്ക് സ്വന്തമായുണ്ട്. ഇന്‍ഫോസിസ് സ്ഥാപകനും അക്ഷതയുടെ പിതാവുമായ നാരായണ മൂര്‍ത്തിയും ഭാര്യ സുധയും ബാംഗ്ലൂരിലെ ഒരു ചെറിയ ഫഌറ്റിലാണ് താമസിക്കുന്നത്.