ഭുവനേശ്വർ - ചെളിയിൽ പൂണ്ട കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിച്ച് പെൺകുട്ടി. ഒടുവിൽ ചെളിയിൽനിന്ന് രക്ഷപ്പെട്ട് റോഡിൽ കയറിയപ്പോൾ തുമ്പിക്കൈ ഉയർത്തി കുട്ടിയാനയുടെ നന്ദി പ്രകടനം.
ഒഡീഷയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് 89 ബാച്ചിലെ ഉദ്യോഗസ്ഥൻ സുശാന്ത നന്ദ എന്ന ഓഫീസറാണ് നിഷ്‌കളങ്കമായ ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
കരിമ്പ് കൃഷിയുള്ള പാടത്ത് കുട്ടിയാനയുടെ കാൽ ചെളിയിൽ പൂണ്ടതാണ് രംഗം. ഇതുകണ്ട് കറുത്ത ടീ ഷർട്ട് ധരിച്ച ഒരു പെൺകൊടി കുട്ടിയാനയുടെ കാലും തുമ്പിക്കൈയുമെല്ലാം താങ്ങി രക്ഷിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലെ രംഗം. അപകടകരമെങ്കിലും യാതൊരു പേടിയുമില്ലാതെ ജീവൻ മറന്നുള്ളതാണ് കുട്ടിയുടെ ഇടപെടൽ. കാലുകൾ പിടിച്ച് കുട്ടിയാനയെ മുകളിലേക്ക് കയറ്റി രക്ഷിക്കാനാണ് കുട്ടി ശ്രമിക്കുന്നത്. ഒടുവിൽ കുട്ടിയാന ചെളിയിൽ നിന്ന് പുറത്തേയ്ക്ക് വന്ന്, നന്ദി സൂചകമായി തുമ്പിക്കൈ ഉയർത്തി പെൺകുട്ടിയെ അനുഗ്രഹിക്കുന്നതാണ് വീഡിയോയുടെ അവസാനം.