നോയിഡ- മരണം സ്ഥിരീകരിച്ച് ബന്ധുക്കള്‍ ദഹിപ്പിച്ച യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്തി. നോയിഡയിലാണ് സംഭവം. 25 കാരിയായ മകളാണ് ജീവനോടെ വന്നിരിക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് പോലും ആദ്യം വിശ്വസിക്കാനായില്ല. കാരണം കാണാതായ മകള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച് ഏതാനും ദിവസം മുമ്പ് മൃതദേഹം സംസ്‌കാരിച്ചതായിരുന്നു അവര്‍.
ഏപ്രില്‍ ആറു മുതല്‍ മകള്‍ നീതുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ തിരോധനത്തില്‍ വേറിട്ടുതാമസിക്കുന്ന ഭര്‍ത്താവ് രാം ലഖന് പങ്കുണ്ടെന്നും പരാതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നോയിഡ പോലീസ് അന്വേഷണം നടത്തി തിരോധാനവുമായി രാംലഖനു ബന്ധമില്ലെന്ന് കണ്ടെത്തി.
സെക്ടര്‍ 115-ല്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ഏപ്രില്‍ 24-നാണ് പോലീസ് നീതുവിന്റെ കുടുംബത്തെ അറിയിച്ചത്. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം നീതുവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഡി.എന്‍.എ പരിശോധനയൊന്നും നടത്താതെ പോലിസ് യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അടുത്ത ദിവസം അവര്‍ ദഹിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിനിടയില്‍ ഇട്ടാവയിലെ ഒരു യുവാവിനോടൊപ്പമാണ് നീതു കഴിഞ്ഞിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഏപ്രില്‍ അഞ്ചിന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നീതു വീടുവിട്ടിറങ്ങിയെന്നും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നുമാണ് പോലീസിനെ അറിയിച്ചത്.
നീതുവിന്റേതാണെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചുവെങ്കിലും നീതുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ നോയിഡ ഫേസ് 2 പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ കേസന്വേഷണം തുടര്‍ന്നിരുന്നു.
എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുന്നതിനിടയിലാണ് തങ്ങള്‍ പിടികൂടിയ ഒരു യുവതി നീതുവാണെന്ന് അവകാശപ്പെട്ടത്. ഞെട്ടിക്കുന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. മേയ് രണ്ടിന് നീതുവിനെ കുടുംബാംഗങ്ങളെ ഏല്‍പിച്ചു.
നീതുവാണെന്ന് കരുതി സംസ്‌കരിച്ച യുവതി ആരാണെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ ഇനിയുള്ള ജോലി.