കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് സൈറ്റ് സന്ദര്‍ശിക്കുക ▶️
പനജി- കുറച്ചു കാലമായി ഗോവയിലാണ് മലയാളത്തിന്റെ പ്രിയ താരങ്ങളായ പാര്‍വതിയും നിത്യ മേനോനും. ഇരുവരും ഇന്‍സ്റ്റയില്‍ പങ്കു വെച്ച ചിത്രമാണ് മലയാളി പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയത്.
പ്രഗ്നന്‍സി സ്ട്രിപ്പിലെ രണ്ടു ചുവന്നവര, അടുത്തായി ഒരു ടീത്തറും. ഒറ്റ നോട്ടത്തില്‍ പ്രഗ്നന്‍സി അനൗണ്‍സ്മെന്റ് ആണെന്ന് തോന്നാം. എന്നാല്‍ അതല്ല കാര്യം. മലയാളത്തിലെ താരസുന്ദരികള്‍ ഒന്നടങ്കം ഒരു ഫോട്ടോ പങ്കുവച്ച് സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുകയാണ് ചെയ്തത്.
പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍, സയനോര, അര്‍ച്ചന പത്മിനി എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിങ്ങുകളിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ദി വണ്ടര്‍ ബിഗിന്‍സ് എന്ന അടിക്കുറിപ്പിലാണ് എല്ലാവരും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സയനോര ഫേസ്ബുക്കിലൂടെ ഇന്നലെ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തി. വൈകാതെ ആ പോസ്റ്റ് അപ്രത്യക്ഷമായി. അടിക്കുറിപ്പോടെ ഇന്നു വീണ്ടും പങ്കുവെക്കുകയായിരുന്നു. അതിനു പിന്നാലെ പാര്‍വതിയും നിത്യയുമെല്ലാം ചിത്രം പങ്കുവച്ചു.
പലരും താരങ്ങള്‍ ഗര്‍ഭിണിയാണെന്ന തരത്തിലാണ് കമന്റ് ചെയ്തത്. പാര്‍വതിയുടെ പോസ്റ്റിനു കീഴെ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍, ചിന്മയി ശ്രീപദ ഉള്‍പ്പടെ നിരവധി താരങ്ങളാണ് കമന്റുമായി എത്തിയത്. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ എന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും പറയപ്പെടുന്നു.