ന്യൂദല്‍ഹി- കര്‍ണാടകയിലെ ശിരോവസ്ത്ര വിലക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹിജാബിനെ പിന്തുണക്കുന്നവരെ അല്‍ഖാഇദക്കാരെന്ന് വിശേഷിപ്പിച്ച ന്യൂസ് 18 ഇന്ത്യ ചാനലിന് അരലക്ഷം രൂപ പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എന്‍.ബി.ഡി.എസ്.എ)യാണ് പിഴ ചുമത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 16ന് അമന്‍ ചോപ്ര അവതാരകനായ ഷോയില്‍ ഹിജാബിനെ പിന്തുണച്ചു കൊണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തവരെ അല്‍ഖാഇദക്കാരുമായി താരതമ്യം ചെയ്യുകയായിരുന്നു.
സവാഹിരി ഗാംഗ് മെംബര്‍, സവാഹിരിയുടെ അംബാസഡര്‍, സവാഹിരിയാണ് നിങ്ങളുടെ ദൈവം, നിങ്ങള്‍ അയാളുടെ ആരാധകനാണ് തുടങ്ങിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് എന്‍.ബി.ഡി.എസ്.എ പ്രസ്താവനയില്‍ പറഞ്ഞു. ഹിജാബ് വിവാദം ആസൂത്രണം ചെയ്തത് അല്‍ഖാഇദ, ഹിജാബിനു പിന്നില്‍ അല്‍ സവാഹിരി, അല്‍ഖാഇദ ഗാംഗ് എക്‌സ്‌പോസ്ഡ്, ഹിജാബ് കാ ഫത് വ പോസ്റ്റര്‍, നിക് ല അല്‍ഖാഇദ തുടങ്ങിയ ടിക്കറുകള്‍ സംപ്രേഷണം ചെയ്തതിനെയും എന്‍.ബി.ഡി.എസ്.എ വിമര്‍ശിച്ചു.
അവതാരകന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളും ബോംബെ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ പരിഗണിച്ച് സന്തുലിതത്വം പാലിക്കണമെന്ന് സുപ്രീം കോടതി പല തവണ നിര്‍ദേശിച്ചിട്ടുണ്ട്. ഈ കേസില്‍ അവതാരകന്‍ മറ്റു പാനലിസ്റ്റുകള്‍ അതിരു ലംഘിക്കുന്നത് തടയുന്നതില്‍നിന്ന് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, രാജ്യത്തെ സമുദായ സൗഹാര്‍ദത്തെ ബാധിക്കുന്ന തീവ്ര നിലപാടുകള്‍ പരസ്യമായി പറയാന്‍ അവസരം നല്‍കിയെന്നും എന്‍.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി.