ഹെൽസിംഗി- വിമാന യാത്രയ്ക്ക് ബുക്ക് ചെയ്യുമ്പോൾ ആദ്യ ഏതാനും ടിക്കറ്റുകളുടെ നിരക്ക് വളരെ കുറവായിരിക്കും. ഫ്ളൈറ്റ് യാത്രയ്ക്ക് എപ്പോഴും ഒരേ നിരക്കായിരിക്കുകയുമില്ല. യാത്രക്കാരുടെ ഡിമാന്റ് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ഇതിനനുസരിച്ചാവും സർവീസുകൾ വിമാനക്കമ്പനികൾ ക്രമീകരിക്കുക.
വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലും ദിവസങ്ങൾ ശ്രദ്ധിച്ചാൽ പണം ലാഭിക്കാനാവും. ട്രാവൽ ബുക്കിംഗ് സൈറ്റായ എക്‌സ്പീഡിയയുടെ ഗവേഷണ പ്രകാരം വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ ഫ്ളൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആഭ്യന്തര വിമാനങ്ങളിൽ ശരാശരി 20 ശതമാനത്തോളം ലാഭിക്കാനാവും. അന്താരാഷ്ട്ര ഫ്ളൈറ്റുകളുടെ കാര്യത്തിലും ഇത് പ്രായോഗികമാണ്. ഞായറാഴ്ചയുള്ള യാത്രാ ബുക്കിംഗുകൾ വെള്ളിയാഴ്ചയേക്കാൾ ശരാശരി 10 ശതമാനം കുറവാണ്. ഇതു പോലെ തന്നെ ആഭ്യന്തര യാത്രകൾക്ക് ആഴ്ചയുടെ തുടക്കത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ ശനിയാഴ്ച യാത്ര ചെയ്താൽ വിമാനങ്ങളിൽ 20ശതമാനത്തോളം പണം ലാഭിക്കാനാകും. അന്താരാഷ്ട്ര വിമാനങ്ങളിൽ വെള്ളിയാഴ്ച പുറപ്പെടുന്ന യാത്രക്കാർ ശരാശരി 15 ശതമാനം വരെ പണം ലാഭിക്കാറുണ്ട്
എക്‌സ്പീഡിയ നൽകുന്ന പഠന ഫലത്തിൽ വിമാനയാത്രയ്ക്ക് ഉച്ച കഴിഞ്ഞുള്ള സമയം അത്ര നന്നല്ല എന്നാണ്. ഈ സമയത്ത് വിമാനങ്ങൾ സർവീസ് റദ്ദാക്കാനുള്ള സാദ്ധ്യത ഏറെയാണ്. ആഭ്യന്തര വിമാന സർവീസുകളുടെ യാത്രാ വിവരങ്ങൾ പരിശോധിച്ചാണ് ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്. അവധി ദിവസങ്ങൾക്കായുള്ള ഡിമാൻഡുമായി പൊരുത്തപ്പെടാനായി സേവനങ്ങൾ നൽകാൻ എയർലൈനുകൾ പാടുപെടുന്നുണ്ട്.അതിരാവിലെ പുറപ്പെടുന്ന ഫ്ളൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് വിമാന സർവീസ് റദ്ദാക്കുമോ എന്ന ഭയമില്ലാതെ യാത്ര ചെയ്യാനാവും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം പുറപ്പെടുന്ന ഫ്ളൈറ്റുകൾ റദ്ദാക്കപ്പെടാനുള്ള സാദ്ധ്യത രാവിലെ പുറപ്പെടുന്ന വിമാനങ്ങളെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലുള്ള സമയമാണ്. വൈകുന്നേരം 6 മണിക്കും 6.59 നും ഇടയിലാണ് കൂടുതൽ വിമാനങ്ങളും റദ്ദാക്കപ്പെടുന്നത്. എന്നാൽ കണ്ടെത്തലുകളിൽ പലതിനോടും ഗൂഗിൾ വിയോജിക്കുന്നുവെന്നാണ് റിപ്പോർട്ട്.