ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; ബി.ജെ.പിയെ കൊട്ടി പ്രതിപക്ഷം

ന്യൂദല്‍ഹി- ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിനു പിന്നാലെ  ഇന്ത്യയില്‍ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാക്‌പോര്.
വിദ്വേഷ പ്രചാരണത്തിലൂടെ ഭൂരിപക്ഷ ധ്രുവീകരണം നടത്തുന്ന മോഡി സര്‍ക്കാരിനെ പ്രതിപക്ഷം വിമര്‍ശിച്ചപ്പോള്‍ രാജ്യത്ത് എ.പി.ജെ. അബ്ദുല്‍ കലാമും ഡോ. മന്‍മോഹന്‍ സിംഗും രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായത് ചൂണ്ടിക്കാട്ടി ബി.ജെ.പി തിരിച്ചടിച്ചു.
2004ല്‍ ഇറ്റാലിയന്‍ വംശജയായ സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിപദം ലഭിക്കാത്തതും ബ്രിട്ടന്റെ ഭരണകക്ഷി സുനക്കിനെ നേതാവായി തെരഞ്ഞെടുത്തതും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നും ബി.ജെ.പി അവകാശപ്പെട്ടു.
ഇറ്റലിയില്‍ ജനിച്ച സോണിയ രാജീവുമായുള്ള വിവാഹത്തിന് ശേഷം പതിറ്റാണ്ടുകളോളം ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും യു.കെയില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ഋഷിയേും സോണിയേയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ബി.ജെ.പിയുടെ വിദേശകാര്യ വകുപ്പ് മേധാവി വിജയ് ചൗതൈവാലെ ട്വിറ്ററില്‍ പ്രതികരിച്ചു.
സുനക്കിന്റെ ഉയര്‍ച്ചയെ അഭിനന്ദിക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങള്‍.
ഇന്ത്യന്‍ വംശജനായ സുനക്ക് യു.കെയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നിമിഷമാണെന്നും ബ്രിട്ടന്‍ ഒരു വംശീയ ന്യൂനപക്ഷ അംഗത്തെ തങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അംഗീകരിച്ചത്  ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകണമെന്നും പി.ഡി.പി പ്രസിഡന്റും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു. നമ്മള്‍  ഇപ്പോഴും സി.എ.എ, എന്‍.ആര്‍.സി പോലുള്ള വിഭാഗീയതയുടേയും വിവേചനത്തിന്റേയും നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കയാണെന്നും അവര്‍ പറഞ്ഞു.
ഋഷി സുനക്ക് യു.കെയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്  ചില നേതാക്കള്‍ ഭൂരിപക്ഷവാദത്തിനെതിരെ ഉറഞ്ഞുതുള്ളുകയാണെന്നും അവര്‍ അബ്ദുള്‍ കലാമും മന്‍മോഹന്‍ സിംഗും 10 വര്‍ഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായത് വിസ്മരിക്കയാണെന്നും ആദിവാസി നേതാവ് ദ്രൗപതി മുര്‍മുവാണ് ഇപ്പോള്‍ രാഷ്ട്രപതിയെന്നും മുന്‍ നിയമമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്  പറഞ്ഞു.
ബഹുസ്വരതയും നാനാത്വവും ആഘോഷിക്കുന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് ഇന്ത്യയെന്നും എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ മോഡി സര്‍ക്കാര്‍ നാനാത്വത്തില്‍ ഏകത്വം എന്ന ചിന്തയെ മാറ്റിമറിച്ചതിനാല്‍ ഇംഗ്ലണ്ട് പോലും പാഠങ്ങള്‍ നല്‍കാന്‍ തുടങ്ങിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴിലായിരുന്നപ്പോള്‍ ബി.ജെ.പിയും നെഹ്‌റുവിയന്‍ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നവരായിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു.
അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഡോ. കലാം രാഷ്ട്രപതിയായത്. വാജ്‌പേയിയും നരേന്ദ്ര മോഡിയും തമ്മില്‍ അജഗജാന്തരമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു വാജ്‌പേയിയെ ആഴത്തില്‍ പ്രചോദിപ്പിച്ചിരുന്നു. എന്നാല്‍  നെഹ്‌റുവിന്റെ പൈതൃകം തുടച്ചുമാറ്റാനാണ് മോഡി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക്കിന്റെ ഉയര്‍ച്ച ഇന്ത്യക്ക് ഒരു പാഠമാണെന്ന് പി. ചിദംബരം, ശശി തരൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തു.

 

Latest News