കാലഹരണപ്പെട്ട ഓപറേറ്റിംഗ് സിസ്റ്റം ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സാപ്പ് ലഭിക്കില്ല. ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ല. ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാതിരിക്കുക. പലര്‍ക്കും ഇപ്പോള്‍ തന്നെ വാട്‌സ്ആപ്പ് ഇക്കാര്യം മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്. ഇതിനു പരിഹാരമായി ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.
പഴയ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാല്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ ഫോണുകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് സൂചന. ഐഫോണിലാണെങ്കില്‍ സെറ്റിങ്‌സ്>ജനറല്‍>സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാം.
ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാനും, അപ്‌ഡേറ്റുകള്‍ എത്തിക്കാനുമുള്ള സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം.