ന്യൂയോര്‍ക്ക്- ന്യൂയോര്‍ക്കില്‍ സാഹിത്യ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ആശുപത്രിയില്‍ തുടരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 12 നായിരുന്നു ആക്രമണം.അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടമായതായി റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലി അറിയിച്ചു.
റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിന് മാരകമായ മൂന്ന് കുത്തുകളും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തുകളുമേറ്റിരുന്നു. ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്- ആന്‍ഡ്ര്യൂ വൈലി പറഞ്ഞു.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ചാണ് റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ, ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന 24കാരനായ ഹാദി മാതര്‍ എന്നയാള്‍ കത്തിയുമായി വേദിയിലേക്കെത്തി റുഷ്ദിയെ അക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷക്കു ശേഷം ഹെലികോപ്റ്ററിലാണ് 75കാരനെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു.
സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചത് മുതല്‍ മതനിന്ദ ആരോപിച്ച് റുഷ്ദിക്കുനേരെ നിരവധി വധഭീഷണികളുണ്ടായിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവനെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.